മലമ്പുഴ ഡാമിനടുത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് പോലും ഏറെ ദൂരെയുള്ള കുന്നിൻ മുകളിലെ കുഴിയിൽ നിന്നും കുടിവെള്ളം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്.
പാലക്കാട്: ചൂടിൽ വെന്തുരുകുന്ന പാലക്കാട് കുടിവെള്ള പ്രശ്നവും രൂക്ഷമാകുന്നു. ജലസ്രോതസ്സുകൾ വറ്റിവരണ്ടത് സാരമായി ബാധിച്ചു. മലമ്പുഴ ഡാമിനടുത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് പോലും ഏറെ ദൂരെയുള്ള കുന്നിൻ മുകളിലെ കുഴിയിൽ നിന്നും കുടിവെള്ളം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്.
ശിവരാജനും ശാന്തയും ആറു വർഷമായി വേനൽക്കാലമായാൽ ദാഹ നീരിനായി കുന്നു കയറുന്നു. 2018 ലെ പ്രളയത്തിൽ വീടിനടുത്തുള്ള തോട്ടിൽ മണലുകയറി തിട്ടായി. പിന്നെ എത്ര കുത്തിയിട്ടും ഉറവ കണ്ടില്ല. പിന്നീട് മലമ്പുഴയിലെ മിനി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനായിരുന്നു ആശയം. പദ്ധതിയുടെ വാലറ്റ പ്രദേശത്തായതിനാൽ വേനൽക്കാലമായാൽ പൈപ്പിൽ വെള്ളമില്ല. അപ്പോൾ കുന്നുകയറുകയല്ലാതെ മറ്റ് വഴിയില്ല.
ഹാവൂ! വേനൽ മഴ ഇനിയും പെയ്യും, നാളെ 5 ജില്ലകളിൽ, മാർച്ച് 28 വരെ വിവിധ ജില്ലകളിലെ മഴ സാധ്യത ഇങ്ങനെ...
കുന്നിൻ മുകളിലെ കുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ പൈപ്പിട്ടിട്ടുണ്ട്. എന്നാൽ ആന ചവിട്ടിയും പന്നി കുത്തിയും പൈപ്പ് പൊട്ടിയാൽ അന്ന് പിന്നെ വെള്ളമില്ല. മലമ്പുഴ കവപറിച്ചാത്തിയിലെ നിരവധി കുടുംബങ്ങൾ ഇങ്ങനെയുള്ള കുഴികളിൽ നിന്നാണ് കുടിവെള്ളം കണ്ടെത്തുന്നത്. വേനൽക്കാലത്ത് ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. കുടിവെള്ള പ്രശ്നത്തിന് ഉടനടി ശാശ്വത പരിഹാരം കണ്ടെത്തുമെന്നാണ് മലമ്പുഴ പഞ്ചായത്തിൻ്റെ വിശദീകരണം.

