Asianet News MalayalamAsianet News Malayalam

കെ എ രതീഷിന്റെ നിയമനം; അറിഞ്ഞത് നിയമിച്ച ശേഷമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ

രതീഷിന്റെ ഫയൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കൂടുതൽ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ട്

sobhana george reaction to khadi board k a ratheesh controversy
Author
Thiruvananthapuram, First Published Oct 27, 2020, 8:49 PM IST

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ പ്രതിയായ ഖാദി സെക്രട്ടറി കെ എ രതീഷിന്റെ നിയമനം താൻ അറിഞ്ഞത് നിയമിച്ച ശേഷം മാത്രമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്. രതീഷിന്റെ ഫയൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കൂടുതൽ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ട്. രതീഷിന്റെ ഫയൽ തന്റെയടുത്തു നിന്ന് പോയതും ബോർഡ് മീറ്റിം​ഗ് വിളിച്ചു കൂട്ടണമെന്ന് മന്ത്രി പറഞ്ഞതും മാത്രമേ തനിക്ക് അറിയൂ. ഇതിനോടിടയ്ക്ക് ആരൊക്കെ ഫയൽ കണ്ടെന്നും റിമാർക്കുകൾ രേഖപ്പെടുത്തിയെന്നും തനിക്കറിയില്ലെന്നും ശോഭനാ ജോർജ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞു.

കെ എ രതീഷ് ശമ്പളമായി ആവശ്യപ്പെട്ടത് മൂന്നര ലക്ഷം രൂപയാണ്.  ഇതു സംബന്ധിച്ച് രതീഷ് നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജാണ് കെ എ രതീഷിൻ്റെ കത്ത് സർക്കാരിലേക്ക് ശുപാർശ ചെയ്തത്. 

എല്ലാം നിയമപരമാണെന്ന വ്യവസായ മന്ത്രിയുടെ വാദത്തിലും പൊരുത്തക്കേടുകൾ നിരവധിയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങളിൽ ചക്രശ്വാസം വലിക്കുന്ന ഖാദി ബോർഡിൽ കെ എ രതീഷ് ആവശ്യപ്പെട്ട ശമ്പളം മൂന്നര ലക്ഷം രൂപയാണ്. ഖാദി ബോർഡ് വൈസ് ചെയർപേഴ്സണ് 20,000 രൂപ സർക്കാർ നൽകുമ്പോഴാണ് കരാർ വ്യവസ്ഥയിൽ നിയമിച്ച ഉദ്യോഗസ്ഥൻ ഭീമൻ തുക ആവശ്യപ്പെട്ട് വൈസ് ചെയർപേഴ്സണ്‍ ശോഭനാ ജോർജിന് കത്ത് നൽകിയത്. ഇൻകെലിൽ നേരത്തെ വാങ്ങിയ ശമ്പളം മൂന്നരലക്ഷമാണെന്നാണ് രതീഷിന്‍റെ വാദം. എന്നാൽ കിൻഫ്ര എംഡിയുടെ ശമ്പളമായ ഒരുലക്ഷത്തി എഴുപതിനായിരം നൽകാനുള്ള കത്താണ് ഖാദി ബോർ‍ഡ് വൈസ് ചെയർപേഴ്സണ്‍ വ്യവസായ മന്ത്രിക്ക് നൽകിയത്. ഈ നടപടികൾക്ക് രണ്ടാഴ്ച എടുത്തെങ്കിൽ മന്ത്രി ഇ പി ജയരാജൻ ശുപാർശ കൈയ്യിൽ കിട്ടിയ അന്ന് തന്നെ ഒപ്പിട്ട് തുടർ നടപടികൾക്കായി വ്യവസായ സെക്രട്ടറിക്ക് കൈമാറി.

എന്നാൽ, മന്ത്രിയും പറയും പോലെ അല്ല കാര്യങ്ങൾ. ധനവകുപ്പ് അംഗീകാരം അടക്കം സർക്കാർ നടപടികൾ പൂർത്തിയായി ശമ്പള വർദ്ധനവ് തീരുമാനിക്കുന്നു എന്നാണ് കെ എ രതീഷ് ഖാദി ബോർഡ് ഡയറക്ടർ ബോർഡിന് ഒക്ടോബർ 19ന്  നൽകിയ കത്തിൽ പറയുന്നത്. നിയമപരമാണെങ്കിൽ ഖാദി ബോ‍ർഡ് കൂടി അംഗീകാരം നൽകാതെ എങ്ങനെ ബോ‍ർഡിന് കീഴിലെ ഉദ്യോഗസ്ഥന്‍റെ ശമ്പള വർദ്ധനവിൽ തീരുമാനമെടുത്തു എന്ന ചോദ്യവും ഉയരുന്നു. യുഡിഎഫ് കാലത്തെ കശുവണ്ടി അഴിമതി കേസിൽ പ്രതിയായ കെ എ രതീഷ് ഇൻകെൽ എംഡിയാക്കി ഇടത് സർക്കാർ നിയമിച്ചത് തന്നെ വിവാദമായിരുന്നു. 

Follow Us:
Download App:
  • android
  • ios