മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കിടയില്‍ ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ വട്ടപേരുകളില്‍ രവീഷ് അറിയപ്പെട്ടു തുടങ്ങി. മുഖ്യമായും ന്യൂജെന്‍ മയക്കുമരുന്നുകളായിരുന്നു കേരളത്തിലേക്ക് എത്തിച്ചിരുന്നത്.
കല്‍പ്പറ്റ: വയനാട് പൊലീസ് ദില്ലിയിൽ നിന്ന് പിടികൂടിയ ആലപ്പുഴ കരീലകുളങ്ങര സ്വദേശി ആര്‍ രവീഷ് കുമാര്‍(28) സോഫ്റ്റ്വെയര്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. വേഗത്തില്‍ പണക്കാരനാകണമെന്ന ചിന്തയിലാണ് രവീഷ് ആ ജോലി ഉപേക്ഷിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് ലഹരിക്കടത്ത് തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലും കേരളത്തില്‍ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വ്യാപകമായി ലഹരിക്കടത്ത് നടത്തി.
രവീഷ് കുമാറിന് മാതൃഭാഷയായ മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും നല്ല സംസാര പാടവമുണ്ടായിരുന്നു. ഇത്രയും ഭാഷകളിലെ വാക്ചാതുര്യം കൊണ്ട് ലഹരിക്കടത്ത് സംഘങ്ങളിലെ പ്രധാനിയായി ഇയാള്‍ വളര്‍ന്നു. ആറ് ഭാഷകളില്‍ പ്രാവീണ്യമുള്ളതിനാല്‍ ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും ലഹരി കടത്താന്‍ ഇടനില നിൽക്കുകയെന്നത് രവീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. അതിനാല്‍ തന്നെ ഇടനിലക്കാരില്‍ വളരെ പെട്ടെന്ന് പ്രധാനിയായി മാറി.
മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കിടയില്‍ ഡ്രോപ്പെഷ് , ഒറ്റന്‍ എന്നീ വട്ടപേരുകളില്‍ രവീഷ് അറിയപ്പെട്ടു തുടങ്ങി. മുഖ്യമായും ന്യൂജെന്‍ മയക്കുമരുന്നുകളായിരുന്നു കേരളത്തിലേക്ക് എത്തിച്ചിരുന്നത്. തന്റെ കൈവശമുള്ള മയക്കുമരുന്നുകള്‍ സൂക്ഷിക്കാനും, കൈമാറ്റം ചെയ്യുന്നതിനും നൂതന മാര്‍ഗങ്ങളും രവീഷ്‌കുമാര്‍ സ്വീകരിച്ചു വന്നിരുന്നതായി പൊലീസ് പറയുന്നു. പിടിയിലായതോടെ ഇയാളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെല്ലാം ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
ലഹരിവേട്ട ശക്തമായി തുടരും- ജില്ലാ പൊലീസ് മേധാവി
ലഹരിക്കടത്ത് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. കൃത്യമായ നിരീക്ഷണവും പരിശോധനയുമാണ് ജില്ലയിലും ജില്ലാ അതിര്ത്തികളിലും നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ വാണിജ്യാടിസ്ഥാനത്തില്‍ കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ വേട്ട പോലീസ് നടത്തി. ഇക്കഴിഞ്ഞ നവംബര്‍ 20ന് ബത്തേരി മന്തട്ടിക്കുന്നിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 21.48 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 22-ാം തീയ്യതി പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം വേറെയും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയാണ് പിടികൂടിയത്. ലഹരി ശൃംഖലകളെ കണ്ടെത്തി അതിലുള്ളവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കുകയെന്നതാണ് പൊലീസിന്‍റെ ലക്ഷ്യമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.


