പത്തനംതിട്ട: ഇടതു സർക്കാർ അധികാരത്തിൽ വന്നിട്ടും സോളാർ തട്ടിപ്പിൽ നീതി കിട്ടിയില്ലെന്ന് ഒരു കോടി 19 ലക്ഷം രൂപ നഷ്ടമായ പത്തനംതിട്ടയിലെ വ്യവസായി ബാബുരാജൻ. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ‌ചാണ്ടിയുടെ വ്യാജ ലെറ്റർ പാഡ് വരെ ഉണ്ടാക്കിയാണ് ബിജു രാധാകൃഷ്ണനും സരിതയും ബാബുരാജനിൽ നിന്നും പണം തട്ടിയത്

സോളാർ പാനൽ സ്ഥാപിച്ച് നൽകുമെന്ന പത്ര പരസ്യം കണ്ടതിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പരസ്യത്തിൽ കണ്ട നമ്പരിൽ ബാബുരാജൻ വിളിച്ചു. 96000 രൂപയ്ക്ക് പാനൽ സ്ഥാപിച്ച് നൽകാം എന്നറിയിച്ച് ലക്ഷ്മി നായർ എന്ന പേരിൽ സരിത ആറന്മുളയിലെ വീട്ടിലെത്തി. എത്രയും വോഗം പാനൽ സ്ഥാപിക്കാമെന്നറിയിച്ച് കരാർ ഉറപ്പിച്ചു. നാല് ദിവസത്തിന് ശേഷം നാദാപുരം ഡിവൈഎസ്പി ബിജു നായർ എന്ന് പരിചയപ്പെടുത്തി ബിജു രാധാകൃഷണനും വീട്ടിലെത്തി. കമ്പനിയിൽ ഷെയർ എടുക്കണമെന്നായിരുന്നു ആവശ്യം. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലെറ്റർ പാഡ് കൂടി കണ്ടതോടെയാണ് ബാബുരാജൻ പണം നിക്ഷേപിച്ചത്. പക്ഷെ എറണാകുളത്തെ കമ്പനിയുടെ ആസ്ഥാനം സന്ദർശിച്ചതോടെയാണ് ബാബുരാജൻ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയത്. പീന്നീട് കേസും കോടതിയുമൊക്കെയായി നിയമപോരാട്ടം.

പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതി ബിജു രാധാകൃഷ്ണനേയും സരിതയേയും ബാബുരാജിന്റെ പരാതിയിൽ ശിക്ഷിച്ചെങ്കിലും ഇരുവരും ഹൈക്കോടതിയിൽ അപ്പീലിന് പോയി. പ്രതികൾ അപ്പീലിന് പോയതോടെ തുടർനടപടികൾ നിയമക്കുരുക്കിൽ കുടുങ്ങി. സോളാറിന്റെ ചൂടും ചൂരുമേന്തി ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ഏറെ പ്രതീക്ഷിച്ചു. പക്ഷെ ഫലമുണ്ടായില്ല