Asianet News MalayalamAsianet News Malayalam

വേങ്ങരയിലും ലോക്സഭാ തെരഞ്ഞെടുപ്പിനും കത്തിയ സോളാർ, ഇത്തവണയെന്താകും?

2006-ൽ പടിയിറങ്ങുന്നതിന് മുമ്പ്, ലാവലിൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉമ്മൻചാണ്ടി സർക്കാർ അനുമതി നൽകിയതാണ്. അതിന് അതേ നാണയത്തിൽ പിണറായി വിജയൻ സർക്കാർ മറുപടി നൽകുകയായിരുന്നു. ഇനിയെന്ത്? വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കത്തുമോ സോളാർ?

solar case transferred to cbi and its politics
Author
Thiruvananthapuram, First Published Jan 24, 2021, 6:29 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ - ഉമ്മൻചാണ്ടി നേർക്ക് നേർ പോരിന് കളമൊരുങ്ങുമ്പോഴാണ് സോളാർ പീഡനപരാതി സിബിഐക്ക് വിട്ടുള്ള സർക്കാർ നീക്കം. കേരളത്തിന്‍റെ സമീപകാല രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയവിവാദങ്ങളിലൊന്ന് തന്നെയായിരുന്നു സോളാർ എന്ന കാര്യത്തിൽ സംശയമില്ല. ഉമ്മൻചാണ്ടി സർക്കാർ അടിതെറ്റി വീഴാൻ കാരണമായ കേസ്. 

ഇതിന് മുമ്പ് രണ്ട് സുപ്രധാന തെരഞ്ഞെടുപ്പ് വേളകളിലാണ് ഇടത് സർക്കാർ സോളാർ കേസുമായി ബന്ധപ്പെട്ട രണ്ട് രാഷ്ട്രീയകോളിളക്കമുണ്ടാക്കിയ വിവരങ്ങൾ പുറത്തുവിട്ടത്. ഒന്ന്, 2017-ൽ വേങ്ങര ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കവേ, സോളാർ കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശിവരാജൻ കമ്മീഷന്‍റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വാർത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടതായിരുന്നു. ഈ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ട് പിണറായി വിജയൻ പറഞ്ഞു. 

രണ്ടാമത്തേത്, ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥികളായിരുന്ന ഹൈബി ഈഡനും, അടൂർ പ്രകാശിനുമെതിരായ പീഡനപരാതികളിൽ കേസ് റജിസ്റ്റർ ചെയ്തതായിരുന്നു. മൂന്നാമത്തേതായാണ്, നിർണായകമായ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ കേരളത്തിലെ കോൺഗ്രസിൽ നിർണായകമായ ഒരു ചുമതല, തെരഞ്ഞെടുപ്പ് ഏകോപനസമിതിയുടെ അധ്യക്ഷപദം ഏറ്റെടുത്തതിന് പിന്നാലെ ഉമ്മൻചാണ്ടിക്ക് അടക്കം എതിരായ പീഡനപ്പരാതികൾ സിബിഐയ്ക്ക് വിടുന്നു. 

2006-ൽ പടിയിറങ്ങുന്നതിന് മുമ്പ്, ലാവലിൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉമ്മൻചാണ്ടി സർക്കാർ അനുമതി നൽകിയതാണ്. അതിന് അതേ നാണയത്തിൽ പിണറായി വിജയൻ സർക്കാർ മറുപടി നൽകുകയായിരുന്നു. ഇനിയെന്ത്? വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കത്തുമോ സോളാർ എന്ന ചോദ്യമാണ് രാഷ്ട്രീയകേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. 

അതേസമയം, സിബിഐയെ എതിർക്കുന്ന പിണറായി സർക്കാർ സോളാറിൽ കേന്ദ്രഏജൻസിയിൽ അർപ്പിച്ച വിശ്വാസമാണ് കോണ്‍ഗ്രസ് ചോദ്യംചെയ്യുന്നത്. സിബിഐ അന്വേഷണം വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്ലൈമാക്സ് പോരിൽ വീണ്ടും സോളാർ. പീഡന പരാതി സിബിഐക്ക് വിടുമ്പോൾ ഈ ടൈമിംഗാണ് പ്രസക്തമാകുന്നത്. നാലേ മുക്കാൽ കൊല്ലം അന്വേഷിച്ചിട്ടും എന്ത് കണ്ടെത്തി എന്ന പ്രതിപക്ഷ ചോദ്യം നിലനിൽക്കെയാണ് പരാതിക്കാരി അപേക്ഷ നൽകി തൊട്ട് പിന്നാലെ സിബിഐക്ക് വിടുന്നത്. സ്വർണ്ണക്കടത്തിലും തുടർവിവാദങ്ങളിലും കേന്ദ്ര ഏജൻസികൾക്കെതിരെ രംഗത്തെത്തിയ എൽഡിഎഫ് ഇപ്പോൾ സോളാറിൽ സിബിഐയെ ആശ്രയിക്കുന്നതാണ് യുഡിഎഫ് ആയുധമാക്കുന്നത്. ബിജെപി - സിപിഎം കൂട്ടുകെട്ടിലേക്കും സിബിഐ അന്വേഷണത്തെ പ്രതിപക്ഷം കൂട്ടിക്കെട്ടുന്നു. കേസ് ഏറ്റെടുത്താൽ ഹൈക്കമാൻഡിന്‍റെ ഭാഗമായ കെ സി വേണുഗോപാലും സിബിഐ അന്വേഷണ പരിധിയിൽ എത്തുമെന്നത് ശ്രദ്ധേയം. എന്നാൽ ബിജെപി ദേശീയഉപാദ്ധ്യക്ഷൻ അബ്ദുള്ളക്കുട്ടിയും പീഡനക്കേസ് നേരിടുമ്പോൾ സിബിഐ എന്ത് തീരുമാനമെടുക്കണമെന്നതിൽ കേന്ദ്രസർക്കാരിന്‍റെ നിലപാട് നിർണായകമാണ്. 

Follow Us:
Download App:
  • android
  • ios