Asianet News MalayalamAsianet News Malayalam

സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസ്, വിധി പറയുന്നത് മാറ്റി

കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന്  42,70,000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്നതാണ് കേസ്. 
 

solar case verdict will be declared February eleven
Author
Kozhikode, First Published Feb 5, 2021, 11:34 AM IST

കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 11 ന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയും. മജിസ്ട്രേറ്റ് അവധിയായതിനാലാണ് ഇന്ന് വിധി പറയാതിരുന്നത്. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍
നിന്ന്  42,70,000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്നതാണ് കേസ്. 

2012 ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. ഒരു മാസികയില്‍ ടീം സോളാറിന്‍റെ പരസ്യം കണ്ട് കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദ് കമ്പനിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. ഡോക്ടര്‍ ആര്‍ ബി നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളിലാണ് ബിജു രാധാകൃഷ്ണനും സരിതയും അബ്ദുള്‍ മജീദിന് മുന്നിലെത്തുന്നത്. അബ്ദുള്‍ മജീദിന്‍റെ വീട്, അസോസിയേറ്റഡ് സ്റ്റീല്‍‍സ് എന്ന അദ്ദേഹത്തിന്‍റെ  സ്ഥാപനം എന്നിവിടങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന്  വിശ്വസിപ്പിച്ച് ഇവര്‍ പണം തട്ടുകയായിരുന്നു.

കൂടാതെ നാല് ജില്ലകളില്‍ ടീം സോളാറിന്‍റെ വിതരണം, പാലക്കാടിന് സമീപം കാറ്റാടി മില്‍ സ്ഥാപിക്കാന്‍ സഹായം എന്നിവയും ബിജുരാധാകൃഷ്ണനും സരിതയും വാഗ്ദാനം ചെയ്തു.  42,70,000 രൂപയാണ് മൊത്തം തട്ടിയെടുത്ത്. 2016 ലാണ് വിചാരണ തുടങ്ങിയത്. ബിജുരാധാകൃഷ്ണന്‍, സരിത, ഇവരോട് അടുപ്പമുള്ള മണിമോന്‍ എന്നിവരാണ് പ്രതികള്‍. വഞ്ചന, മറ്റൊരാളുടെ പണം തട്ടിയെടുത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുക, ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍ എന്നിവയാണ് ബിജുവിനും സരിതയ്ക്കുമെതിരായ കേസ്.

ഓരോ വകുപ്പുകളിലും മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണിത്. ടീം സോളാര്‍ തുടങ്ങാന്‍ തിരിച്ചറിയല്‍ രേഖയായി നല്‍കാന്‍ വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ്  ഉണ്ടാക്കി നല്‍കിയെന്നതാണ് മണിമോനെതിരായ കേസ്. മുപ്പത്താറ് സാക്ഷികളെയാണ് പ്രോസിക്യൂഷന്‍  വിസ്തരിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.

Follow Us:
Download App:
  • android
  • ios