വയനാട്: വലയ സൂര്യഗ്രഹണം ഏറെ വ്യക്തതയോടെ കാണാൻ കാത്തിരുന്ന വയനാട്ടുകാര്‍ക്ക് വൻ നിരാശ. കേരളത്തിൽ കാസര്‍കോടും കണ്ണൂരും വയനാട്ടിലുമാണ്  ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാൻ കഴിയുക എന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനനുസരിച്ച്  വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടിൽ സംഘടപിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികൾ അടക്കം ഒട്ടേറെ പേര്‍ അതിരാവിലെ മുതൽ തന്നെ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ വയനാട്ടിലെ കാലാവസ്ഥ ഇവര്‍ക്കെല്ലാം സമ്മാനിച്ചത് വലിയ നിരാശയാണ് . അന്തരീക്ഷം മേഘാവൃതമായതിനാൽ ആദ്യമണിക്കൂറുകളിൽ പോലും ആര്‍ക്കും ഗ്രഹണം കാണാൻ കഴിയാത്ത അവസ്ഥയായി. കാത്തിരിപ്പിനൊടുവിൽ മാനന്തവാടിയിലെ ചില ഇടങ്ങളിൽ മാത്രമാണ് വലയ ഗ്രഹണം കാണാനായത്. 

കേരളത്തില്‍ കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകും. ഈ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നത്. ഇത് അനുസരിച്ചാണ് കൽപ്പറ്റയിടലക്കം വലിയ ക്രമീകരണങ്ങൾ ഒരുക്കിയത്. 

പ്രായഭേദമില്ലാതെ വലിയ ആൾക്കൂട്ടമാണ് വയനാട്ടിൽ ഗ്രഹണം കാണാൻ കാത്ത് നിന്നിരുന്നത്. അത്യാധുനിക സംവിധാനങ്ങൾ അടക്കം ഇവിടെ എല്ലാം ഒരുക്കിയിരുന്നു. ദൂര ദേശങ്ങളിൽ നിന്ന് പോലും ആളുകൾ വയനാടിന്‍റെ വിവിധ ഭാഗങ്ങളിലെത്തി തമ്പടിച്ചിരുന്നു. 

വലയ സൂര്യഗ്രഹണത്തിന്‍റെ ചെറിയൊരു ഭാഗം മാനന്തവാടിയിൽ മാത്രമാണ് കുറച്ചെങ്കിലും വ്യക്തമായത്. ഡിസംബര്‍ ജനുവരി മാസങ്ങളിൽ വയനാട്ടിൽ പൊതുവെയുള്ള കാലാവസ്ഥയാണ് ഗ്രഹണക്കാഴ്ചക്ക് തിരിച്ചടിയായത്. മഞ്ഞ് മൂടിയ കാലവസ്ഥക്ക് പുറമെ തൊട്ട് തലേന്ന് രാത്രി പെയ്ത മഴയും ആകാശ വിസ്മയം കാണാനെത്തിയവര്‍ക്ക് തിരിച്ചടിയായി .