കോൺഗ്രസിൽ  വീണ്ടും രാജി, കെപിസിസി മുൻ സെക്രട്ടറി സോളമൻ അലക്സ് സിപിഎമ്മിലേക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. കെപിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് തിരുവനന്തപുരം ജില്ലാ മുൻ ചെയർമാനുമായി സോളമൻ അലക്സാണ് രാജിവെച്ച് സിപിഎമ്മിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. മൂന്ന് പ്രാവശ്യം സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാരോപിച്ചാണ് സോളമൻ അലക്സ് രാജിവെച്ചത്. സ്ഥാനങ്ങൾ കിട്ടിയില്ല. മാനസികമായി പ്രയാസമുണ്ട്. ഈ പുനസംഘടനയിലും തന്നെ കോൺഗ്രസ് നേതാക്കൾ പരിഗണിച്ചില്ലെന്നും അതിനാലാണ് സിപിഎമ്മിൽ ചേരാനുള്ള തീരുമാനമെടുത്തതെന്നും സോളമൻ അലക്സ് പറഞ്ഞു. 

കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്റായ സോളമൻ അലക്സ് ഇന്നത്തെ ജനറൽബോഡിയിൽ ബജറ്റിനെതിരെ സിപിഎമ്മിനൊപ്പം ചേർന്ന് വോട്ട് ചെയ്തു. ബജറ്റ് പരാജയപ്പെട്ടതിന് പിന്നാലെ ബാങ്കിന്റെ പ്രസി‍ഡന്റ് സ്ഥാനവും രാജിവെച്ചു. ഇതോടെ കോൺഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ഭരണം പ്രതിസന്ധിയിലായി. എന്നാൽ പ്രസിന്ധിയില്ലെന്നും ബാങ്കിന്റെ ബോ‍ർഡിൽ തങ്ങൾക്കാണ് ഭൂരിപക്ഷമെന്നും കോൺഗ്രസ് അവകാശപ്പെട്ടു. 

ഡിസിസി പുനസംഘടനയെ ചൊല്ലിയുളള തർക്കത്തിൽ നേരത്തെ പിഎസ് പ്രശാന്ത്, കെപി അനില്‍കുമാർ തുടങ്ങിയ നേതാക്കൾ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. എന്നാൽ കൊഴിഞ്ഞുപോക്ക് പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. 

YouTube video player