വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിവരാവകാശ നിയമത്തില്‍ പറയുന്ന ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് കമ്മീഷണർ

മലപ്പുറം: വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ: എ. അബ്ദുൽ ഹക്കീം പറഞ്ഞു. മലപ്പുറം പ്ലാനിങ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്റെ തെളിവെടുപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിവരാവകാശ നിയമത്തില്‍ പറയുന്ന ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. വിവരാവകാശ അപേക്ഷകളിന്മേല്‍ വിവരാവകാശ നിയമ പ്രകാരമല്ലാത്ത അധിക തുക അടയ്ക്കാന്‍ ആവശ്യപ്പെടുന്ന പ്രവണത കണ്ടു വരുന്നുണ്ട്. അത് ശിക്ഷാര്‍ഹമാണ്. 

അപേക്ഷകന് വിവരം നല്‍കുന്നതിന് പകരം എങ്ങനെ നല്‍കാതിരിക്കാം എന്നതിലാണ് പല ഉദ്യോഗസ്ഥരുടേയും ഗവേഷണം. വിവരാവകാശ നിയമത്തെ അതിന്റെ ഉന്നതവും ഉജ്വലവുമായ താല്‍പര്യവും മാനവും സംരക്ഷിക്കുന്ന തരത്തില്‍ ഉപയോഗപ്പെടുത്താന്‍ വിവരാവകാശ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീര്‍ക്കാനും ശത്രുസംഹാരത്തിനുമുള്ള മാര്‍ഗമായി വിവരാവകാശ നിയമത്തെ കാണരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം കോഴിക്കോട് സര്‍വ്വകലാശാലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സംവരണ റൊട്ടേഷന്‍ ചാര്‍ട്ടും അനുബന്ധ രേഖകളും ഒരാഴ്ചക്കകം അപേക്ഷന് ലഭ്യമാക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ മലപ്പുറം പ്ലാനിങ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിലാണ് ഉത്തരവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്