Asianet News MalayalamAsianet News Malayalam

'അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചു'; അഹമ്മദ് ദേവർ കോവിൽ

പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ഏതു സമയവും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് പ്രതികരിച്ചു. 

Some in the party tried to remove him from the ministerial post because of his lust for power; Ahmed Dewar Kovil fvv
Author
First Published Dec 25, 2023, 4:46 PM IST

കോഴിക്കോട്: നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ല. ഐഎന്‍എല്ലില്‍ നിന്നും പുറത്താക്കപ്പെട്ടവരുമായി ചര്‍ച്ചയില്ല. പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ഏതു സമയവും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് പ്രതികരിച്ചു. മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അഹമ്മദ് ദേവർ കോവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 
 
അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചെന്ന് അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. അവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പുറത്താക്കപ്പെട്ടവർക്ക് ഒഴികെയുള്ളവർക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. എന്നാൽ പാർട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണം. പുറത്താക്കിയവരുമായി ചർച്ചയില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. 

മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഇന്നലെയാണ് മന്ത്രി സ്ഥാനം രാജിവച്ചത്. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു അഹമ്മദ് ദേവർകോവിൽ. ​ഗതാ​ഗത വകുപ്പ് ആന്റണി രാജുവുമാണ് കൈകാര്യം ചെയ്തിരുന്നത്. അതേസമയം, പുതിയ മന്ത്രിമാർ 29 ന് സത്യപ്രതിജ്ഞ ചെയ്യും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്. 

പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചിരുന്നു. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജുവും പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന് വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ ബിനോയ് വിശ്വം; 'മണിപ്പൂർ വിഷയം ചോദിക്കണമായിരുന്നു'

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios