തിരുവനന്തപുരം: ഇതുവരെ 21 ട്രെയിനുകളിലായി 24088 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് മടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ലക്നൗവിലേക്ക് ഒരു ട്രെയിൻ പോകും. 17017 പേർ ബിഹാറിലേക്കും 3421 പേർ ഒഡീഷയിലേക്കും 5689 പേർ ഝാർഖണ്ഡിലേക്കും പോയി. യുപിയിലേക്ക് 2293 പേരും മധ്യപ്രദേശിലേക്ക് 1143 പേരും പശ്ചിമ ബംഗാളിലേക്ക് 1103 പേരും മടങ്ങി.

ചില സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളെ സ്വീകരിക്കാൻ സമ്മതം നൽകിയിട്ടില്ല. അവർ സമ്മതം നൽകിയാൽ ഇവിടെ നിന്നും അതിഥി തൊഴിലാളികളെ അയക്കും. അതിഥി തൊഴിലാളികളെ അയക്കാൻ എല്ലാം ചെയ്യാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം,  സംസ്ഥാനത്ത് ഇന്ന് ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്.

പത്ത് പേരുടെ രോഗം ഭേദമായി. തമിഴ്നാട്ടിൽ നിന്ന് വന്നയാൾക്കാണ് എറണാകുളത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. വൃക്ക രോഗത്തിന് ചികിത്സ തേടുന്ന ആൾക്കാണ് കൊവിഡ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പതിനാറ് പേര്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 ആശുപത്രികളിലുമാണ്.

ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകൾ പരിശോധനക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ ഗ്രൂപ്പുകളിൽ 3380 സാമ്പിളുകളിൽ 2939 എണ്ണത്തിൽ നെഗറ്റീവ് ഫലം. സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് നിലവിൽ. കണ്ണൂരിൽ അഞ്ച്, വയനാട് നാല്, കൊല്ലം മൂന്ന്, എറണാകുളം, ഇടുക്കി കാസർകോട് പാലക്കാട് ഒന്ന് വീതം എന്നിങ്ങനെ രോഗികൾ ചികിത്സയിൽ.

ഇന്ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച് നൂറാം ദിവസമാണ്. ജനുവരി 30 ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിയ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തിൽ തന്നെ രോഗം പടരാതിരിക്കാൻ സാധിച്ചു. മാർച്ച് ആദ്യവാരമാണ് കൊവിഡിന്റെ രണ്ടാം വരവ്. രണ്ട് മാസങ്ങൾക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.