വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് പോലുള്ള ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്തതിന് പിതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു

തൃശൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് പോലുള്ള ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്തതിന് പിതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. കുന്നംകുളം സ്വദേശി വടക്കേതലക്കല്‍ വീട്ടില്‍ സൈമണാണ് (77) മകന്‍റെ മർദനത്തിനിരയായത്. ലഹരിവസ്തുക്കള്‍ വില്പന നടത്തുന്നതിനെതിരെ പിതാവ് സൈമണ്‍ നിരന്തരം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടയില്‍ 600 പാക്കറ്റ് ഹാന്‍സുമായി സൈമണിന്‍റെ മകന്‍ ജോബി കഴിഞ്ഞദിവസം കുന്നംകുളം പോലീസിന്‍റെ പിടിയിലായിരുന്നു. ലഹരിവസ്തുക്കള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് ജോബി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജാമ്യത്തിലറങ്ങിയ ജോബി വീണ്ടും ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് കണ്ട സൈമണ്‍ ഇത് തടയാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ജോബി പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സൈമണിന്‍റെ നെഞ്ചില്‍ ചവിട്ടുകയും മുഖത്തും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും മർദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ റീജ സലിലിന്‍റെ നേതൃത്വത്തില്‍ പരിക്കേറ്റ സൈമണിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ സൈമണ്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് പ്രതിയായ ജോബിക്കായി അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇത്തരത്തില്‍ മകന്‍ തന്നെ മർദിച്ചതിനെ തുടര്‍ന്ന് സൈമണ്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച ജില്ലാ കലക്ടര്‍ സൈമണെ മര്‍ദ്ദിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും പ്രതിമാസം 3,000 രൂപ പിതാവിന് നല്‍കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് മകന്‍ വീണ്ടും പിതാവിനെ ക്രൂരമായി ആക്രമിച്ചത്.

YouTube video player