ആലപ്പുഴ: മാവേലിക്കര ചുനക്കരയിൽ മകന്‍റെ മർദ്ദനത്തിന് ഇരയായ വൃദ്ധദമ്പതികളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. ചുനക്കര പഞ്ചായത്തും നൂറനാട് പൊലീസും ചേർന്നാണ് ഭവാനിയമ്മയെയും ഭർത്താവ് രാഘവൻ നായരെയും ചുനക്കര പഞ്ചായത്തിന്‍റെ സ്നേഹവീട്ടിലേക്ക് മാറ്റിയത്. ഇവരുടെ ചെലവ് പൂ‍ർണ്ണമായും പഞ്ചായത്ത് വഹിക്കും.

കഴിഞ്ഞ ദിവസമാണ് ഇവരുടെ മൂത്തമകൻ ബാലകൃഷ്ണനെ അമ്മയെ ക്രൂരമായി മർദ്ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധദമ്പതികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മറ്റ് രണ്ട് മക്കളും പഞ്ചായത്തിനെ അറിയിച്ചു. ഏറെ നാളായി ബാലകൃഷണന്‍റെ ഉടമസ്ഥയിലുള്ള വീട്ടിലാണ് ഇരുവരും കഴി‍ഞ്ഞിരുന്നത്. എന്നാൽ ഇടയ്ക്ക് നോക്കാനെത്തുന്ന മകൻ അമ്മയെ ക്രൂരമായി മർദ്ദിക്കും. സ്വത്തിനെച്ചൊല്ലിയായിരുന്നു മർദ്ദനം. ദേഹമാസകലം പരിക്കേറ്റ ഭവാനിയമ്മയെയും അവശനിലയിലായിരുന്ന രാഘവൻ നായരെയും പൊലീസാണ് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.

സ്വത്തിനെ ചൊല്ലി തര്‍ക്കം; മാവേലിക്കരയില്‍ വൃദ്ധമാതാവിന് മകന്‍റെ ക്രൂരമര്‍ദ്ദനം

അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ സൈനിക ഉദ്യോഗസ്ഥന്‍കൂടിയായ മകൻ ബാലകൃഷ്ണൻ നായരെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു.വധശ്രമത്തിനും വൃദ്ധജന പരിപാലനനിയമപ്രകാരവുമാണ് നൂറനാട് പൊലീസ് ബാലകൃഷ്ണൻ നായർക്കെതിരെ കേസെടുത്തത്.