കോഴിക്കോട് വേങ്ങേരിയിൽ സ്വത്തിന് വേണ്ടി 76 വയസ്സുള്ള അമ്മയെ ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വീടും സ്ഥലവും ബാങ്ക് നിക്ഷേപവും ആവശ്യപ്പെട്ട് സലിൽ കുമാർ എന്നയാൾ അമ്മയെ മർദ്ദിക്കുകയും നിലവിളക്കെടുത്ത് തലയ്ക്കടിക്കാൻ ശ്രമിക്കുകയും ചെയ്തു.
കോഴിക്കോട്: സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍ കുമാറി(50)നെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. 76 വയസ്സുള്ള അമ്മയെ വീടും സ്ഥലവും ബാങ്കിലുള്ള ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ടുകൊണ്ട് ആക്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ അമ്മ വീട്ടിലെ മുറിയില്‍ ഇരിക്കുമ്പോള്‍ സലീല്‍ വാതില്‍ തള്ളിത്തുറന്ന് ചീത്തവിളിക്കുകയും വീടും സ്ഥലവും എഴുതിത്തരണം എന്നാവശ്യപ്പെട്ട് ഇവരുടെ നെഞ്ചത്ത് കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. സ്വത്ത് ഇപ്പോള്‍ എഴുതിത്തരില്ലെന്ന് പറഞ്ഞപ്പോള്‍ മുറിയിലുണ്ടായിരുന്ന നിലവിളക്ക് എടുത്ത് തലയില്‍ അടിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ബഹളം കേട്ടെത്തിയ അടുത്ത വീട്ടിലെ യുവാവ് പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. ഇയാളെ വേങ്ങേരിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നിര്‍ദേശത്തില്‍ എസ്‌ഐമാരായ റഷീദ്, മിജോ, എഎസ്‌ഐ വിജേഷ്, സിപിഒ ദീപക് എന്നിവര്‍ ചേര്‍ന്നാണ് സലീലിനെ പിടികൂടിയത്.


