Asianet News MalayalamAsianet News Malayalam

ചിലവ് ചുരുക്കാൻ മോദി വിദേശയാത്രകൾ ചുരുക്കണം: സോണിയ ​ഗാന്ധി

പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്രസർക്കാർ ഓഫീസുകളും നിർമ്മിക്കാനുള്ള പദ്ധതികളും താത്കാലികമായി നിർത്തി വയ്ക്കണമെന്നും സോണിയ

sonia gandhi asked reduce expenses to save money for covid works
Author
Delhi, First Published Apr 7, 2020, 2:08 PM IST



ദില്ലി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താൻ എംപി ഫണ്ട് അടക്കം സർക്കാർ വെട്ടിചുരുക്കിയതിന് പിന്നാലെ ഫണ്ട് വിനിയോഗം സംബന്ധിച്ച നിർദേശങ്ങളുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സജ്ജമാക്കിയ പിഎം കെയർ ഫണ്ട‌് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് സോണിയാ ​ഗാന്ധി ആവശ്യപ്പെട്ടു. 

പ്രതിരോധ പ്രവർത്തനങ്ങളുടെ ചിലവിനുള്ള സുതാര്യതയും വിശ്വാസവും ഉറപ്പ് വരുത്താൻ ഇത് സഹായകമാകുമെന്ന് സോണിയ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. അതോടൊപ്പം കേന്ദ്രസർക്കാരിന്റെ ചിലവ് ചുരുക്കി ഫണ്ടിലേക്ക് പണം കണ്ടെത്തണം എന്ന് നിർദേശിക്കുന്ന സോണിയ ഇതിനായി ചില നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. 

പ്രധാനമന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഉന്നത ഉദ്യോ​ഗസ്ഥർ  എന്നിവർ അടുത്ത ഒരു വർഷത്തേക്ക് വിദേശയാത്രകൾ ഒഴിവാക്കണം എന്നാണ് സോണിയ മുന്നോട്ട് വയ്ക്കുന്ന ഒരു നിർദേശം. അടുത്ത ഒരു വർഷത്തേക്ക് പരസ്യ-പ്രചരണങ്ങൾക്കായി സർക്കാർ പണം ചിലവാക്കരുതെന്നും സോണിയ നിർദേശിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പരസ്യവും പ്രചാരണവും ഇളവ് നൽകി തുടരാം.

പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്രസർക്കാർ ഓഫീസുകളും നിർമ്മിക്കാനുള്ള പദ്ധതികളും താത്കാലികമായി നിർത്തി വയ്ക്കണം. സർക്കാർ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ പദ്ധതി ചെലവും 30 ശതമാനം വെട്ടിച്ചുരുക്കണമെന്നും സോണിയ ​ഗാന്ധി ആവശ്യപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios