Asianet News MalayalamAsianet News Malayalam

'ചില വിഷമങ്ങള്‍' ഉണ്ടെന്ന് കെ വി തോമസ് അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; സോണിയാ ​ഗാന്ധി വിളിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലടക്കം പലതിലും പാർട്ടിയിൽ നിന്ന് തനിക്ക് വേദനയുണ്ടായി. സ്ഥാനമാനങ്ങളൊന്നും താൻ ചോദിച്ചിട്ടില്ല. നേതൃത്വവുമായി ചർച്ച നടത്താൻ സോണിയാ ​ഗാന്ധി നിർദ്ദേശിച്ചെന്നും കെ വി തോമസ് പറഞ്ഞു.
 

sonia gandhi intervenes in k v thomas issue
Author
Cochin, First Published Jan 22, 2021, 9:22 PM IST

കൊച്ചി: കെ വി തോമസിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ. സോണിയാ ​ഗാന്ധി നേരിട്ട് വിളിച്ചെന്ന് കെ വി തോമസ് പറഞ്ഞു. നാളത്തെ യോ​ഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ​ഗാന്ധി പറഞ്ഞാൽ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലടക്കം പലതിലും പാർട്ടിയിൽ നിന്ന് തനിക്ക് വേദനയുണ്ടായി. ചില വിഷമങ്ങൾ ഉണ്ട്. പാർട്ടിയിൽ നിന്നും ചിലർ ആക്ഷേപിച്ചത് വേദന ഉണ്ടാക്കി. സ്ഥാനമാനങ്ങളൊന്നും താൻ ചോദിച്ചിട്ടില്ല. ബാക്കി കാര്യങ്ങൾ നാളത്തെ ചർച്ചക്ക് ശേഷം പറയാം. സോണിയ ഗാന്ധി പറയുന്ന കാര്യം അനുസരിക്കും. നേതൃത്വവുമായി ചർച്ച നടത്താൻ സോണിയാ ​ഗാന്ധി നിർദ്ദേശിച്ചെന്നും കെ വി തോമസ് പറഞ്ഞു.

കോൺ​ഗ്രസ് വിട്ടേക്കുമെന്നും എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിൽ നാളെ നടത്താനിരുന്ന നി‍ർണായക വാർത്താ സമ്മേളനം റദ്ദാക്കി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായാണ് വിവരം. നാളെ തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാൻഡ് പ്രതിനിധിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ്ലോത്തുമായി കെ.വി.തോമസ് ച‍ർച്ച നടത്തിയേക്കും എന്നാണ് സൂചന.  

അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ കെ.വി.തോമസിനോട് കോൺ​ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. ഇന്ന് രാവിലെയും ഇന്നുമായി അദ്ദേഹത്തെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു തിരുവനന്തപുരത്തേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അവരെ കേൾക്കാൻ തയ്യാറായിരുന്നില്ല.  കെപിസിസി വർക്കിം​ഗ് പ്രസിഡൻ്റ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉടനെ പരി​ഗണിക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയതായും വിവരമുണ്ട്. 

Follow Us:
Download App:
  • android
  • ios