തിരുവനന്തപുരം: കവയിത്രി സു​ഗതകുമാരിക്ക് അയ്യൻകാളി ഹാളിൽ അന്തിമോപചാര ചടങ്ങ് ഒരുക്കിയതിനെ വിമർശിച്ച് സൂര്യ കൃഷ്ണമൂർത്തി. അയ്യൻകാളി ഹാളിൽ അന്തിമോപചാര ചടങ്ങ് ഒരുക്കേണ്ടിയിരുന്നില്ലെന്ന് സൂര്യ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. സുഗതകുമാരി ആഗ്രഹിച്ചതിന് വിരുദ്ധമായാണ് ഇപ്പോൾ നടക്കുന്നതെന്നും സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

സുഗതകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ശാന്തികവാടത്തിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും സംസ്കാരം നടത്തുക. ഉച്ചയ്ക്ക് ഒരു മണി മുതലാണ് തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കിയത്. ടീച്ചറുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ട്.

മൂന്നരയോടെ മൃതദേഹം ശാന്തി കവാടത്തിലേക്ക് കൊണ്ടു പോകും. മരിച്ചാൽ ഉടൻ തന്നെ സംസ്കാരം നടത്തണമെന്നും പൊതുദർശനവും പുഷ്പാർച്ചനയും പോലുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്നും സുഗതകുമാരി നേരത്തെ തന്നെ അറിയിച്ചിരുന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് രാവിലെ 10:52നാണ് സുഗതകുമാരി ടീച്ചർ മരിച്ചത്. കൊവിഡ് ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതാണ് മരണ കാരണം.