Asianet News MalayalamAsianet News Malayalam

സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കും; ഡീൻ കുര്യാക്കോസ് എംപി

സൗമ്യയുടെ കുടുംബത്തിനു നഷ്ട പരിഹാരം കൊടുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അടിയന്തിരമായി ഒരു കോടി രൂപയെങ്കിലും അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. 

soumya santhoshs body will be brought home tomorrow afternoon
Author
Idukki, First Published May 14, 2021, 1:08 PM IST

ഇടുക്കി: ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ കീരിത്തോട് എത്തിക്കാൻ ആവുമെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. ആവശ്യമായ കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു. സൗമ്യയുടെ കുടുംബത്തിനു നഷ്ട പരിഹാരം കൊടുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അടിയന്തിരമായി ഒരു കോടി രൂപയെങ്കിലും അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. 

ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.   2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. 

സൗമ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇസ്രായേൽ ഡെപ്യൂട്ടി അംബാസിഡർ റോണി യെഡിഡിയ ക്ലീൻ രം​ഗത്തെത്തിയിരുന്നു. കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സൗമ്യയുടെ കുടുംബത്തെ സഹായിക്കുമെന്നും അവർ പറഞ്ഞു.  ഒരു സഹായവും ഒരു ഭാര്യയുടെയും അമ്മയുടെയും നഷ്ടത്തിന് പരിഹാരമാകില്ലെങ്കിലും കുടുംബത്തിനൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു.

ഞങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടു. ഇത് സംഭവിക്കുമ്പോൾ അവൾ ഭർത്താവുമായി സംസാരിക്കുകയായിരുന്നു.  ഇത് ഭർത്താവിനെ സംബന്ധിച്ചിടത്തോളം എത്ര ഭയാനകമാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. അദ്ദേഹത്തിന്റെ സങ്കടാവസ്ഥയിൽ  എനിക്ക് സഹതപിക്കാൻ മാത്രമേ കഴിയൂ എന്ന് അവർ പറഞ്ഞതായി ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള  ഇന്ത്യൻ എംബസിയുടെ  നടപടികൾ പൂർത്തിയായിരുന്നു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യൻ  എംബസി  അറിയിച്ചു.  മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്കിയ രേഖകൾ  കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു.  എംബസി  സ്വീകരിക്കേണ്ട മറ്റു നടപടികളും പൂർത്തിയാക്കി.  ഇസ്രോയേൽ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി കൂടി കിട്ടിയാൽ മൃതദേഹം നാട്ടിലേക്ക് അയക്കും.  എംബാം നടപടികൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios