Asianet News MalayalamAsianet News Malayalam

അജാസ് വിവാഹത്തിന് നിര്‍ബന്ധിച്ചു, നല്‍കിയ പണം തിരികെ വാങ്ങിയില്ല: സൗമ്യയുടെ അമ്മ

സൗമ്യയും അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇരുവരുടേയും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ബോധ്യപ്പെട്ടതായി പൊലീസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു. 

soumyas mother about relation between ajas and soumya
Author
Mavelikkara, First Published Jun 16, 2019, 12:38 PM IST

മാവേലിക്കര: പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കൊലപ്പെട്ട സൗമ്യയുടെ അമ്മ. അജാസ് സൗമ്യയെ നിരന്തരം വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ സൗമ്യ ഈ ആവശ്യം നിരസിച്ചെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നുവെന്നും സൗമ്യയുടെ അമ്മ സ്ഥിരീകരിക്കുന്നു. 

ഒന്നേകാല്‍ ലക്ഷം രൂപ സൗമ്യ അജാസില്‍ നിന്നും വായ്പയായി വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കാന്‍ സൗമ്യ ശ്രമിച്ചെങ്കിലും അത് സ്വീകരിക്കാന്‍ അജാസ് തയ്യാറായില്ലെന്നും അമ്മ പറയുന്നു. തന്നെ അപായപ്പെടുത്താന്‍ അജാസ് എന്നയാള്‍ ശ്രമിച്ചേക്കുമെന്ന് അമ്മ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകനും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ അജാസില്‍ നിന്നും ഒരു ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും. സൗമ്യയും അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇരുവരുടേയും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ബോധ്യപ്പെട്ടതായി പൊലീസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

ശനിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ എറണാകുളം ട്രാഫിക് പൊലീസില്‍ ജോലി ചെയ്യുന്ന അജാസ് കൊലപ്പെടുത്തിയത്. ആക്ടീവ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തിയ ശേഷം കൊടുവാള്‍ കൊണ്ടു വെട്ടിയ പ്രതി അജാസ് പിന്നീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 
 

Follow Us:
Download App:
  • android
  • ios