രണ്ട് വനിതാ എസ്ഐമാരാണ് ഐപിഎസ് ഉദ്യോഗസ്ഥൻ മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചെന്ന് പരാതിപ്പെട്ടത്

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാർ ഉന്നയിച്ച പരാതി എസ്‌പി മെറിൻ ജോസഫ് അന്വേഷിക്കും. ഡിജിപിയുടേതാണ് ഉത്തരവ്. വനിതാ എസ്ഐമാരുടെ പരാതിയിൽ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ ശുപാർശ പ്രകാരമാണ് നടപടി. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാർശ ചെയ്‌തത്. പൊലീസ് ആസ്ഥാനത്ത് വുമൺ കംപ്ലൈൻ്റ് സെൽ അധ്യക്ഷയാണ് കേസ് അന്വേഷണ ചുമതലയുള്ള എസ്‌പി മെറിൻ ജോസഫ്.

രണ്ട് വനിതാ എസ്ഐമാരാണ് ഐപിഎസ് ഉദ്യോഗസ്ഥൻ മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചെന്ന് പരാതിപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിന് നൽകിയ പരാതിയിൽ അതീവ രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തതോടെയാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാൻ അജിതാ ബീഗം ശുപാർശ ചെയ്തത്.

പരാതിയുടെ പകർപ്പ് ലഭ്യമായിട്ടില്ലാത്തതിനാൽ കുറ്റാരോപിതൻ്റെ പേര് വെളിപ്പെടുത്താൻ സാധിക്കില്ല. അതേസമയം തെക്കൻ ജില്ലകളിലൊന്നിൽ മുൻപ് ജില്ലാ പൊലീസ് മേധാവിയായി പ്രവർത്തിച്ച ഇദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്ത് പൊലീസ് സേനയിൽ ഉയർന്ന സ്ഥാനത്താണ് ഇരിക്കുന്നത്. നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഘട്ടത്തിലാണ് എസ്‌പി മോശമായി പെരുമാറിയതെന്നാണ് വിവരം.

YouTube video player