കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ്‌പിസി കേഡറ്റ് സഹപാഠിയുടെ ജീവൻ രക്ഷിച്ചു

ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പൊടുന്നനെ മുഹമ്മദ് അജാസ് ഫാദി ശ്വാസം പോലും കിട്ടാതെ വെപ്രാളപ്പെട്ടത്. കണ്ണുകൾ പുറത്തേക്ക് തള്ളിയുള്ള അവൻ്റെ അവസ്ഥ കണ്ട് ഒപ്പമുണ്ടായിരുന്നവരെല്ലാം ഒരുപോലെ ഭയന്നു. എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവർക്ക് മനസിലായില്ലെങ്കിലും ഉറ്റസുഹൃത്ത് മുഹമ്മദ് സഹൽ ഷഹസാദിന് കാര്യം മനസിലായി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് തൻ്റെ ബെസ്റ്റ് ഫ്രണ്ട് ബുദ്ധിമുട്ടുന്നതെന്ന് മനസിലാക്കിയ അവൻ രണ്ട് ദിവസം മുൻപ് എൻഡിആർഎഫ് സംഘം സ്‌കൂളിൽ നൽകിയ പരിശീലനത്തിലെ പാഠങ്ങൾ ഓർത്തെടുത്തു. അജാസ് ഫാദിയെ കുനിച്ച് നിർത്തി പുറത്ത് ആഞ്ഞിടിച്ചു. ആ ഇടി അവൻ്റെ ജീവൻ രക്ഷിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്‌കൂളിലെ എസ്‌പിസി കാഡറ്റായ മുഹമ്മദ് സഹൽ ഷഹസാദ് ഇന്ന് നാട്ടിലെ ഹീറോയാണ്. അവനെ അനുമോദനങ്ങൾ കൊണ്ട് മൂടുകയാണ് സുഹൃത്തുക്കളും അധ്യാപകരും നാട്ടുകാരും പൊലീസും എൻഡിആർഎഫ് സംഘാംങ്ങളുമെല്ലാം.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ച സ്‌കൂളിൽ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ എസ്‌പിസി കേഡറ്റുകൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കേണ്ടത് എങ്ങനെയെന്ന് ക്ലാസെടുത്തിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ സഹലും അജാസും ഈ പരിശീലന ക്ലാസിൽ പങ്കെടുത്തിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാൽ കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കണം എന്നത് ഇതിൻ്റെ ഭാഗമായി പരിശീലിപ്പിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ജീവൻ അപകടത്തിലാവുന്ന സാഹചര്യത്തിലും മുതുകിൽ തട്ടി തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്ക് വരുത്താൻ ശ്രമിക്കണമെന്നും എൻഡിആർഎഫ് സംഘം കുട്ടികളെ പഠിപ്പിച്ചു. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് സ്‌കൂളിനടുത്തുള്ള ഹോട്ടലിൽ വച്ച് ഈ സംഭവം നടക്കുന്നത്.

'അവനെൻ്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഞങ്ങളൊരുമിച്ചാണ് ഭക്ഷണം കഴിക്കാൻ പോയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് അവൻ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയത്. ഞാൻ ഉടനെ ക്ലാസിൽ പഠിപ്പിച്ച രീതിയിൽ അവനെ സഹായിച്ചു. അത് കഴിഞ്ഞപ്പോൾ അവൻ ഛർദിക്കുകയും ശ്വാസം കിട്ടുകയും ചെയ്തു. അപ്പോൾ വലിയ സന്തോഷം തോന്നി'- സഹൽ ഷഹസാദ് പറഞ്ഞു.

ഓഗസ്റ്റ് 14 ന് ഉച്ചയ്ക്കാണ് ഈ സംഭവം നടന്നത്. സംഭവം നടന്നയുടൻ രണ്ട് പേരും തൻ്റെയടുത്തേക്ക് ഓടിവന്നുവെന്നും ഷഹസാദ് എന്താണ് നടന്നതെന്ന് വിശദീകരിച്ച് പറഞ്ഞുവെന്നും സ്‌കൂളിലെ എസ്‌പിസി കേഡറ്റുകളുടെ ചുമതലക്കാരിയായ അധ്യാപിക എം തുഷാര ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. 'രണ്ട് പേരും എസ്‌പിസി കേഡറ്റുകളാണ്. കഴിഞ്ഞ ദിവസം അവർക്ക് എൻഡിആർഎഫ് സംഘം ക്ലാസെടുത്തിരുന്നു. എനിക്ക് വലിയ സന്തോഷവും അഭിമാനവും തോന്നി. വിവരം ഞാൻ ഉടനെ സ്‌കൂളിലെ മറ്റ് അധ്യാപകരോടും പൊലീസിനെയും എൻഡിആർഎഫിനെയും അറിയിച്ചു. പിടിഎയുടെ നേതൃത്വത്തിൽ ഇന്നലെ ഷഹസാദിനെ സ്‌കൂളിൽ വച്ച് അനുമോദിച്ചു. ഇനി ഇന്ന് പൊലീസും എൻഡിആർഎഫും സ്കൂളിലെത്തുന്നുണ്ട്. ജില്ലാ കളക്ടറും ഇന്നലെ കുട്ടിയെ അഭിനന്ദിച്ചു.'

എൻഡിആർഎഫിൻ്റെ തമിഴ്‌നാട് ആരക്കോണത്തുള്ള നാലാം ബറ്റാലിയനിലെ അംഗങ്ങളാണ് ദുർഗ സ്‌കൂളിൽ എസ്‌പിസി കേഡറ്റുകൾക്ക് ക്ലാസെടുത്തത്. ബല്ലാ കടപ്പുറം സ്വദേശിയും പ്രവാസിയുമായ അബ്‌ദുൾ ബഷീറിൻ്റെയും എ ആരിഫയുടെയും മകനാണ് നാട്ടിൽ ഇന്ന് ഹീറോയായി മാറിയ സഹൽ ഷഹസാദ്.

YouTube video player