Asianet News MalayalamAsianet News Malayalam

SPC Uniform : സ്റ്റുഡൻസ് പൊലീസിന് ഹിജാബും സ്കാർഫും പാടില്ലെന്ന് ഉത്തരവ്; അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്

മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ എസ്പിസിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നത് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ മതേതരത്വത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമാണ്.  ഗ്രേസ്‌ മാർക്കും മറ്റും ലഭിക്കുന്ന എസ്പിസിയിൽ മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത്‌ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വനിതാ ലീഗ് പ്രസിഡണ്ട് സുഹ്റ മമ്പാട്‌ പ്രതികരിച്ചു. 

spc uniform issue muslim women league says they cannot accept government order
Author
Calicut, First Published Jan 27, 2022, 3:02 PM IST

കോഴിക്കോട്: സ്റ്റുഡൻസ് പൊലീസിന് (SPC) ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്.  മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ എസ്പിസിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നത് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ മതേതരത്വത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമാണ്.  ഗ്രേസ്‌ മാർക്കും മറ്റും ലഭിക്കുന്ന എസ്പിസിയിൽ മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത്‌ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വനിതാ ലീഗ് പ്രസിഡണ്ട് സുഹ്റ മമ്പാട്‌ (Suhra Mampad) പ്രതികരിച്ചു. 

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ ഹിജാബും ഫുൾസ്ലീവും അനുവദിക്കണമെന്ന ആവശ്യം സർക്കാർ തള്ളുകയായിരുന്നു.  എസ്പിസിയിൽ മതപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാടറിയിച്ചത്.  നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും  ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.  ജെൻറർ ന്യൂട്രൽ യൂണിഫോണാണ് നിലവിലുള്ളതെന്നും വകുപ്പ് അറിയിച്ചു.    യൂണിഫോണിൽ മതപരമായ മാറ്റം വേണമെന്നാവശ്യപ്പെട്ട്  ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ പരിശോധന നടത്തി ആവശ്യം തള്ളിയത്.  ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പരിശോധന. 

കേരളാ പൊലീസിന്‍റെ ഏറ്റവും പ്രശംസിക്കപ്പെട്ട പദ്ധതിയായിരുന്നു കുട്ടികളെ എൻറോൾ ചെയ്തുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി. യുവജനോത്സവങ്ങളിൽ അടക്കം വിദ്യാർത്ഥികളെ നിയന്ത്രിക്കാനും കാര്യങ്ങൾ ഏകോപിപ്പിക്കാനും എസ്‍പിസിയിലെ കുട്ടികൾ കാണിച്ച മിടുക്ക് പ്രശംസനീയമാണ്. 

കുറ്റ്യാടി ഹയർ സെക്കന്‍ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റുഡന്‍റ് കേഡറ്റ് യൂണിഫോം ധരിച്ച് നിൽക്കുന്ന ഫോട്ടോ വാട്‍സാപ്പിലെ സ്കൂൾ ഗ്രൂപ്പിലേക്ക് അയക്കാൻ കുട്ടിയോട് അധ്യാപകർ നിർദേശിച്ചിരുന്നു. എന്നാൽ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂണിഫോമല്ലെന്നും, അനുവദിക്കാനാകില്ലെന്നും, നിഷ്കർഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും കുട്ടിയോട് അധ്യാപകർ ആവശ്യപ്പെട്ടു. 

എന്നാൽ, ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്‍റെ അടിസ്ഥാനപരമായ അവകാശമാണെന്നും, മതപരമായ വസ്ത്രം താൻ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താൻ ഹനിക്കുന്നില്ലെന്നും കുട്ടി ഹർജിയിൽ പറഞ്ഞു. (കൂടുതൽ വായിക്കാം....)
 

Follow Us:
Download App:
  • android
  • ios