Asianet News MalayalamAsianet News Malayalam

ഇന്നലെ സഭ 8 മിനിറ്റില്‍ പിരിഞ്ഞതിനെ ന്യായീകരിച്ച് സ്പീക്കര്‍:'സമാന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്'

ചോദ്യോത്തര വേള തുടർന്ന് പോകാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് നിർത്തി വച്ചത്.കീഴ് വഴക്കം ഉണ്ട്.  അസാധാരണ നടപടി എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥ ഉണ്ടായി.അത് ശരിയല്ല.പ്രതിപക്ഷം സീറ്റിൽ ഇരിക്കുമ്പോൾ ആണ് സഭ പിരിഞ്ഞതെന്ന്  vd സതീശൻ
 

Speaker jusifies early disposal of yesterdays proceedings
Author
Thiruvananthapuram, First Published Jul 7, 2022, 10:25 AM IST

തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് 8 മിനിറ്റില്‍ ഇന്നലെ നിയമസഭ നടപടികള്‍ അവസാനിപ്പിച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍ എം ബി രാജേഷ്.സഭ നടപടി സുഗമമായി മുന്നോട്ട് കൊണ്ട് പോകുന്നതിനു തടസം നേരിട്ടത് കൊണ്ടാണ് ഇന്നലത്തെ നടപടി.ചോദ്യോത്തര വേള തുടർന്ന് പോകാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് നിർത്തി വച്ചത്.മുൻപും സമാന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.

സ്പീക്കറുടെ റൂളിംഗ് ഇങ്ങിനെ...

കഴിഞ്ഞ ദിവസം    (06-07-2022-ന്) സഭാ സമ്മേളനം ആരംഭിച്ച ഉടന്‍തന്നെ സഭയില്‍ തുടര്‍ച്ചയായുണ്ടായ പ്രക്ഷുബ്ദ സാഹചര്യത്തില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി ചര്‍ച്ച കൂടാതെ ധനകാര്യ ബിസിനസ്സ് പൂര്‍ത്തീകരിച്ച് സമ്മേളനം അവസാനിപ്പിച്ചത് അനിതരസാധാരണവും അപൂര്‍വ്വവുമായ ഒരു  നടപടിയായി ചിത്രീകരിച്ചുകൊണ്ട് സഭയ്ക്കകത്തും പുറത്തും വാര്‍ത്താ മാധ്യമങ്ങളിലും ആക്ഷേപമുയര്‍ന്നു വന്നത് ചെയറിന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇന്നലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തുനിന്നുളള എട്ട് ബഹുമാന്യരായ അംഗങ്ങളെ ചോദ്യം ചോദിക്കാന്‍ ചെയര്‍ പേര് വിളിച്ചിരുന്നു. എട്ട് അംഗങ്ങളും ചോദ്യം ചോദിക്കാന്‍ തയ്യാറാകാതിരിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയുമാണ് ചെയ്തത്.  ഒന്‍പതാമത് ഭരണപക്ഷത്തുനിന്നുളള ഒരംഗത്തെ ചോദ്യം ചോദിക്കാന്‍ ചെയര്‍ വിളിച്ചു. അദ്ദേഹം ചോദ്യം ചോദിച്ചെങ്കിലും ഇരുപക്ഷത്തുനിന്നുമുണ്ടായിട്ടുളള ബഹളത്തില്‍ ആ ചോദ്യം മുങ്ങിപോകുകയും ബഹുമാനപ്പെട്ട മന്ത്രിക്ക് മറുപടി പറയാനുളള ബുദ്ധിമുട്ട് ബഹുമാനപ്പെട്ട മന്ത്രിതന്നെ സഭയില്‍ ഇന്നലെ പറയുകയും ചെയ്തു.  ഇരുപക്ഷത്തുനിന്നും ബഹളം ഉയര്‍ന്നുവരുകയുണ്ടായി. ഇതില്‍ ചോദ്യോത്തരവളേയുമായി മുന്നോട്ടുപോകാന്‍ ഒരുതരത്തിലും സാധിക്കാത്ത സ്ഥിതിയാണെന്നുളളത് ഇതില്‍നിന്നും വ്യക്തമാണ്. കാരണം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി പറയുന്നതിനുവേണ്ടി എഴുന്നേറ്റപ്പോഴും ചോദ്യകര്‍ത്താവ്  ചോദ്യം ഉന്നയിക്കാന്‍ തയ്യാറായില്ല. അത്തരമൊരു സാഹചര്യം നിലനിന്നിരുന്നു. പിന്നീട് ചോദ്യോത്തരവേള മാത്രമല്ല ശൂന്യവേളയും റദ്ദാക്കി ധനകാര്യ നടപടികളിലേയ്ക്ക് കടന്നുവെന്നാണ് വിമര്‍ശനം.  27-06-2022-ന് സഭാ സമ്മളേനം ആരംഭിച്ച ദിവസം ചോദ്യോത്തരവേള നിര്‍ത്തിവച്ചശേഷവും ഏതാണ്ട് ഒരുമണിക്കൂര്‍ സമയം സഭാതലത്തില്‍ ചേരിതിരിഞ്ഞുളള പ്രതിഷേധവും മുദ്രാവാക്യംവിളിയും നടന്ന സാഹചര്യവുംകൂടി കണക്കിലെടുത്താണ് ഇന്നലെ ചോദ്യോത്തരവേളയും ശൂന്യവേളയും ഒരുമിച്ച് റദ്ദാക്കിയത്.  
    സഭാ നടപടികള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ ഗവണ്‍മെന്റ് ബിസിനസ്സുകള്‍ പൂര്‍ത്തീകരിക്കണമെന്ന ചെയറിന്റെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചതിനെതിരെ നിരുത്തരവാദപരമായ ചില പരാമര്‍ശങ്ങള്‍ വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍, മുന്‍ കാലങ്ങളില്‍ സമാന സന്ദര്‍ഭങ്ങളില്‍ എന്റെ മുന്‍ഗാമികളായ സഭാദ്ധ്യക്ഷന്മാര്‍ കൈക്കൊണ്ട നടപടിക്രമം ചെയര്‍ വിശദമായി പരിശോധിക്കുകയുണ്ടായി. അവയില്‍ ഏറ്റവും പ്രസക്തമെന്ന് കണ്ട ഒരു റൂളിംഗിന്റെ പ്രസക്ത ഭാഗങ്ങള്‍ ബഹുമാനപ്പെട്ട അംഗങ്ങളുടെ അറിവിലേക്കായി ഇവിടെ ഉദ്ധരിക്കുവാന്‍ ചെയര്‍ ആഗ്രഹിക്കുകയാണ്.
    പതിമൂന്നാം കേരള നിയമസഭയില്‍ 2013 ജൂണ്‍ 18-ാം തീയതി സഭയില്‍ ഉണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മിനിട്ടുകൊണ്ട് സഭാ നടപടികള്‍ ചോദ്യോത്തരവേളയില്‍ത്തന്നെ പൂര്‍ത്തീകരിച്ച് ധനകാര്യ ബിസിനസ്സും പൂര്‍ത്തീകരിച്ചതിനെക്കുറിച്ച് അന്ന് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ട് തൊട്ടടുത്ത ദിവസം   (19.06.2013) അന്നത്തെ സഭാധ്യക്ഷന്‍ നല്‍കിയ റൂളിംഗിന്റെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്. 

    _"ചോദ്യോത്തരവേള സുഗമമായി നടത്തുവാൻ സഹകരിക്കണമെന്ന ചെയറിന്റെ തുടരെയുള്ള അഭ്യർത്ഥന മാനിക്കാതെ  ബഹളം തുടർന്ന വേളയിൽ ചോദ്യോത്തരവേളയും ശൂന്യവേളയും സസ്പെന്റ് ചെയ്തുകൊണ്ട് ധനകാര്യ ബിസിനസ്സിലേയ്ക്ക് കടക്കുവാന്‍ ചെയര്‍  നിർബന്ധിതനായി.  ചെയറിന്റെ ഈ നടപടിയെ  വിമർശിക്കുന്ന പല പ്രസ്താവനകളും മാധ്യമങ്ങളിൽ കാണുകയുണ്ടായി. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അസാധാരണമായ ഇത്തരമൊരു നടപടി ഉണ്ടായതെന്ന രീതിയിലുള്ള പ്രസ്താവനകൾ മാധ്യമങ്ങളിൽ വന്നു. ഏത് കാലഘട്ടത്തിൽ, ആര് ചെയറിൽ ഇരുന്നപ്പോൾ എന്നതിനല്ല പ്രസക്തി, കേരള നിയമസഭയിൽ വന്ന ചട്ടങ്ങളും കീഴ്വഴക്കങ്ങളുമാണ്. 2010 ഏപ്രിൽ 7-ാം തീയതി നിലവിൽവന്ന അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ചട്ടം 3(6) പ്രകാരം ചോദ്യോത്തരവേളയുടെ അലംഘനീയത നിലനിർത്തുവാൻ അംഗങ്ങൾ ബാധ്യസ്ഥരാണ്. ചോദ്യോത്തരവേളയുടെ തുടക്കത്തിൽതന്നെ സഭാനടപടികൾ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നത് അഭിലഷണീയമാണോ എന്ന കാര്യം സഭ വീണ്ടും ഗൗരവമായി ആലോചിക്കണമെന്നാണ് ചെയറിന്റെ അഭിപ്രായം. കേരള നിയമസഭയിലെ പ്രീസിഡന്‍സ് കൂടി കണക്കിലെടുത്താണ് ഇന്നലെ ചെയര്‍ ചോദ്യോത്തരവേളയും  ശൂന്യവേളയും റദ്ദ് ചെയ്ത് ധനകാര്യ ബിസിനസ് എടുത്തത്. പത്താം കേരള നിയമസഭയുടെ പതിനാലാം സമ്മേളനകാലത്ത് പ്ലസ്ടൂ കോഴ്സുകള്‍ അനുവദിച്ചത് സംബന്ധിച്ച പ്രശ്നത്തെപ്പറ്റി  ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷ കക്ഷികൾ 2000 ജൂൺ 20, 21, 22, 23, 26, 27, 28 എന്നീ തീയതികളിൽ സഭയ്ക്കുള്ളില്‍  മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കിയപ്പോൾ പ്രസ്തുത ദിവസങ്ങളിൽ ശൂന്യവേള സസ്പെന്റ് ചെയ്ത് ആ ദിവസങ്ങളില്‍ ചർച്ചയ്ക്ക്  വച്ചിരുന്ന ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ സഭ പാസ്സാക്കുകയുണ്ടായി.  പതിനൊന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനകാലത്ത് 2001 ഒക്ടോബർ 22, 23, 24, 29, 30, 31 എന്നീ തീയതികളിൽ സഭയിൽനിന്നും മൂന്ന് അംഗങ്ങളെ സസ്പെന്റ് ചെയ്ത പ്രശ്നത്തിൽ ഉണ്ടായ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും സസ്പെന്റ് ചെയ്ത് 33 ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ സഭ പാസ്സാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭയിലും 2007 മാർച്ച് 29, സെപ്റ്റംബർ 11 എന്നീ തീയതികളിൽ ശ്രദ്ധക്ഷണിക്കലും സബ്മിഷനുകളും റദ്ദ് ചെയ്ത് നിയമനിർമ്മാണകാര്യം പരിഗണിച്ചിട്ടുണ്ട്. അതിനാല്‍ ഇന്നലെ ചെയര്‍ കെെക്കൊണ്ട നടപടി കേരള നിയമഭയിലെ ആദ്യത്തെ അസാധാരണ സംഭവമല്ലെന്നും സഭാനടപടികള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഗവണ്‍മെന്റ് ബിസിനസ്സുകള്‍ നടത്തിയെടുക്കാന്‍ ബാധ്യതപ്പെട്ട സഭാ അദ്ധ്യക്ഷന്‍മാര്‍ കെെക്കൊണ്ടിട്ടുളള നടപടിയാണെന്നും കാണാവുന്നതാണ്.  ഇത്തരം നടപടികള്‍ കെെക്കൊളളുവാന്‍ നിയമസഭാ ചട്ടം 314 അനുസരിച്ച്  ചെയറിന് അധികാരമുണ്ട്. ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഏത് ചെയറിനും പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.  ഇതൊന്നും പരിശോധിക്കാതെ വാർത്തകൾ നൽകുന്നതും ചർച്ചകൾ സംഘടിപ്പിക്കുന്നതും മാധ്യമങ്ങളും ചർച്ചയിൽ പങ്കെടുക്കുന്ന സഭാംഗങ്ങളും മറ്റുള്ളവരും ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട്. കീഴ്വഴക്കങ്ങളും സഭാനടപടികളും പഴയകാലമൊന്നും ഓർക്കാതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരള നിയമസഭയിലെ ആദ്യത്തെ സംഭവമെന്ന മട്ടിൽ ഇന്നലെ രാവിലെ ഒൻപത് മണി മുതൽ ഇലക്ട്രോണിക് മീഡിയയിൽ ആരംഭിച്ച വാർത്തകൾ ബ്രേക്കിംഗ് ന്യൂസായി ഇന്ന് രാവിലെവരെ ഉണ്ടായിരുന്നു എന്നുള്ളത് ചെയർ നിയമസഭാംഗങ്ങളുടെ ശ്രദ്ധയിൽകൊണ്ടുവരുന്നു. സഭാനടപടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ വസ്തുതകൾ മനസ്സിലാക്കി റിപ്പോർട്ട് ചെയ്യുവാൻ ബഹുമാനപ്പെട്ട മാധ്യമപ്രവർത്തകർക്കും ബാധ്യതയുണ്ട്”. _

ഇത് ഞാന്‍ പറയുന്നതല്ല, 2013 ജൂണ്‍ 19-ലെ ചെയറിന്റെ റൂളിംഗില്‍ നിന്നുളളതാണ്. ഇന്നലെ  സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് ചെയര്‍ കരുതുന്നില്ല.

നിയമസഭയിലെ അച്ചടക്കമില്ലായ്മക്കെതിരെ വീണ്ടും സ്പീക്കർ:'അംഗങ്ങൾ ഗൗരവമായി നടപടികളിൽ പങ്കെടുക്കണം'

 

 

Follow Us:
Download App:
  • android
  • ios