തിരുവനന്തപുരം: നിയമസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ വിപ്പ് ലംഘിച്ചതിന് പിജെ ജോസഫിനും മോൻസ് ജോസഫിനും നോട്ടീസ് നൽകി സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ. റോഷി അഗസ്റ്റിൻ നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കേരളാ കോൺഗ്രസ് തീരുമാനം ലംഘിച്ച് പിജെ ജോസഫും മോൻസ് ജോസഫും യുഡിഎഫിന് വോട്ട് ചെയ്തിരുന്നു. കേരളാ കോൺഗ്രസ് പാര്‍ട്ടിക്ക് വേണ്ടി റോഷി അഗസ്റ്റിൻ നൽകിയ വിപ്പ് ലംഘിച്ചെന്നാണ് പരാതി. അയോഗ്യരാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് എംഎൽഎമാര്ക്കും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ നോട്ടീസ് നൽകിയിട്ടുള്ളത്. 

അവിശ്വാസ പ്രമേയ വോട്ടെടുപ്പിലെ നിലപാട് സംബന്ധിച്ച് കേരള കോൺഗ്രസിന്‍റെ ഇരുവിഭാഗവും സ്പീക്കര്‍ക്ക് പരാതി നൽകിയിരുന്നു. റോഷി അഗസ്റ്റിനാണ് ആദ്യം പരാതി നൽകിയതെന്നാണ് സ്പീക്കര്‍ പറയുന്നത്. മോൻസ് ജോസഫ്  നൽകിയ പരാതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഈ നടപടിക്ക് ബന്ധമില്ലെന്നാണ് സ്പീക്കറുടെ വിശദീകരണം. രാഷ്ട്രീയ വിവാദമാവും എന്ന് കരുതി കാർത്തവ്യത്തിൽ നിന്ന് മാറി നിൽക്കാൻ ആവില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. 

കോടതി വിധി, തിരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് എന്നിവ കണക്കിലെടുത്താകും നടപടി. ഏത് ഏകപക്ഷീയമാകില്ലെന്നും , ഇരുവിഭാഗത്തിന്‍റെയും വാദം കേട്ടതിന് ശേഷമെ തീരുമാനം ഉണ്ടാകു എന്നുമാണ് വിശദീകരണം. സുപ്രീം കോടതി തന്നെ കൂറുമാറ്റ നിരോധന പ്രകാരമുള്ള വിഷയങ്ങളിൽ വേഗത്തിൽ നടപടി വേണം എന്ന് പറഞ്ഞിട്ടുണ്ട്. കൂറുമാറ്റ നിരോധന പ്രകാരമുള്ള കാര്യം നീട്ടി കൊണ്ടുപോകാൻ കഴിയില്ല. നടപടി വിധേയരായാൽ എം എൽ എ മാർ അയോഗ്യരാകും.