Asianet News MalayalamAsianet News Malayalam

കാലിൻ്റെ ബലമറിയാൻ എല്ലില്ലാത്ത നാവുമായി വരേണ്ടെന്ന് സ്പീക്കർ, സ്പീക്കർ ബലഹീനനെന്ന് ഷാജി

നാവിന് എല്ലില്ല എന്നതിനാൽ എന്തും വിളിച്ചു പറയാം എന്ന രീതി എനിക്കില്ല. ആ സംസ്കാരം ഞാൻ പഠിച്ചിട്ടില്ല. പിന്നെ എന്റെ മുട്ടിൻ കാലിൻ്റെ ബലം  നാവിന് എല്ലില്ലാത്തവർ അളക്കാൻ നിൽക്കേണ്ട -  സ്പീക്കർ ശ്രീരാമകൃഷ്ണൻ

Speaker sreeramakrishnan against KM Shaji
Author
Thiruvananthapuram, First Published Apr 18, 2020, 10:25 AM IST

തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്നാലെ കെഎം ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മുഖ്യമന്ത്രിയെ സ്പീക്കര്‍ക്ക് ഭയമാണെന്ന കെഎം ഷാജിയുടെ ആരോപണം ബാലിശമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. 

താനിരിക്കുന്ന പദവിയുടെ പരിമിതികൾ തൻ്റെ ദൗർബല്യമായി കരുതരുത്. ഷാജി നടത്തുന്നത് സഭയോടുള്ള അവഹേളനമാണെന്നും നിയമനടപടി തടയാൻ സ്പീക്കർക്ക് കഴിയില്ലെന്നും ശ്രീരാമകൃഷ്ണൻ മലപ്പുറത്ത് പറഞ്ഞു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലായിരുന്നു കെ എം ഷാജി സ്പീക്കറെ വിമര്‍ശിച്ചത്. 

അതേസമയം സ്പീക്കർ സർക്കാർ നടപടികൾ തീർക്കാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ സർക്കാരിൻ്റെ രാഷ്ട്രീയം നടത്തി കൊടുക്കുന്നതല്ല സ്പീക്കറുടെ പണിയെന്നും കെഎം ഷാജി തിരിച്ചടിച്ചു. സ്പീക്കറുടെ ബലഹീനത മനസിലാക്കുന്നതായും ഷാജി പറഞ്ഞു. 

പി.ശ്രീരാമകൃഷ്ണൻ്റെ വാക്കുകൾ...

വിമർശനങ്ങൾക്കോ വിവാദങ്ങൾക്കോ പരിമിതിയുള്ള ഒരു പദവിയിലിക്കുന്ന ഒരാളെ വിവാദങ്ങളിലേക്ക് വലിച്ചിടുന്നത് നിരായുധനായ ആളോട് വാളു കൊണ്ട് യുദ്ധം ചെയ്യും പോലെയാണ്. ആ പരിമിതകളെ ഒരു ദൗ‍ർബല്യമായി കാണരുത്. യുക്തിയുടെ അടിസ്ഥാനമില്ലത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. 

ഏത് സ്പീക്ക‍ർക്കും നിയമപരമായ ചില ബാധ്യതകളുണ്ട്. ഭരണ​ഘടനപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന് രാഷ്ട്രീയമായി ആക്ഷേപിക്കുന്നത് സഭാ ചട്ടങ്ങൾക്ക് തന്നെ എതിരായ കാര്യമാണ്. ഈ കേസിൻ്റെ ലക്ഷ്യവും പശ്ചാത്തലവും ഒന്നും പരിശോധിക്കേണ്ട ബാധ്യത സ്പീക്ക‍ർക്കില്ല. മന്ത്രിമാർക്കെതിരെ കേസെടുക്കാൻ ​ഗവർണർക്കും നിയമസഭാ സമാജികർക്കെതിരെ കേസെടുക്കാൻ സ്പീക്കറുടേയും അനുമതി വേണം. 

സ്പീക്കർ അനുമതി കൊടുക്കുകയല്ലാതെ എന്താണ് ചെയ്യുക. ഒരു അന്വേഷണ ഏജൻസി അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കണം എന്ന് പറയുമ്പോൾ അതു വേണ്ടെന്ന് സ്പീക്കർക്ക് പറയാൻ പറ്റുമോ. നിയമം നിയമത്തിൻ്റെ വഴിക്ക് പോകണം. ആ ഉത്തരവാദിത്തം നിറവേറ്റിയതിന് ഇങ്ങനെ അധിക്ഷേപിക്കുന്നത് ബാലിശവും അപക്വവുമാണ്. 

ഇതൊന്നും ആദ്യമായിട്ടല്ല. നേരത്തെയും ഉണ്ടായിട്ടുണ്ട്. നേരത്തെ സുപ്രീംകോടതി ഒരു അം​ഗത്തിന് അയോ​ഗ്യത കൽപിച്ചു. പിന്നെ ആ അയോ​ഗ്യത ഇല്ലാതാവണമെങ്കിൽ ആ വിധി സ്റ്റേ ചെയ്യണം. അതു സ്റ്റേ ചെയ്യുന്നത് വരെ ആ  എംഎൽഎ നിയമസഭയുടെ അം​ഗമല്ല. ഷാജിയുടെ കാര്യത്തിൽ മാത്രമല്ല പിന്നീട് ഭരണപക്ഷത്തെ എംഎൽഎ ഇതേ നിലയിൽ വന്നപ്പോഴും ഞാൻ ഇതേ നിലപാടാണ് സ്വീകരിച്ചത്. അതേ പറ്റൂ. അക്കാര്യത്തിലൊന്നും ഒരു തെറ്റിദ്ധാരണയ്ക്ക് ഇടമില്ല.

അപക്വമായ ഇത്തരം സമീപനങ്ങൾ നിയമസഭയോടുള്ള അവഹേളനമായി മാത്രമേ കാണാവൂ. നാവിന് എല്ലില്ല എന്നതിനാൽ എന്തും വിളിച്ചു പറയാം എന്ന രീതി എനിക്കില്ല. ആ സംസ്കാരം ഞാൻ പഠിച്ചിട്ടില്ല. പിന്നെ എന്റെ മുട്ടിൻ കാലിൻ്റെ ബലം  നാവിന് എല്ലില്ലാത്തവർ അളക്കാൻ നിൽക്കേണ്ട. എന്തിനാണ് ഈ വിവാദം എന്നെനിക്ക് മനസിലായിട്ടില്ല. 

ഇവിടെയെന്താണ് സംഭവിച്ചത്.. ? വിജിലൻസ് കേസെടുക്കുന്നത് സ്പീക്കറുടെ ഓഫീസ് പറഞ്ഞിട്ടല്ല. നമ്മളാരും വിജിലൻസിന് പരാതിയും കൊടുത്തിട്ടില്ല. വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അവർ അന്വേഷണം നടത്തി വിശദാംശങ്ങളോടെ കേസ് എടുക്കാൻ അനുമതി. തേടി ഈ ഫയൽ നിയമവകുപ്പ് പരിശോധിച്ച് വേണ്ടത്ര നിയമോപദേശത്തോടെ സ്പീക്കറുടെ ഓഫീസിലെത്തി. കേസെടുക്കാൻ അനുമതി നൽകണം എന്നാണ് നിയമോപദേശം വരുന്നത് അപ്പോൾ അതു വെട്ടി കേസെടുക്കേണ്ട എന്നാണോ സ്പീക്കർ ഫയലിൽ എഴുതേണ്ടത്. 

കൊണ്ടോട്ടിയിൽ ഒരു ഏല്ലാന്തി കുഞ്ഞാപ്പയുണ്ടായിരുന്നു. തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയാൽ ദേശത്തെ എറ്റവും ആരാധ്യരായ കൊണ്ടോട്ടി തങ്ങളെ ഏല്ലാന്തി കുഞ്ഞാപ്പ ചീത്തപറയും. ഇതു കേട്ട് ആളു കൂടുമ്പോൾ ഇതു താനും കൊണ്ടോട്ടി തങ്ങളും തമ്മിലുള്ള പ്രശ്നമല്ലേ ഇതിലെന്തിനാണ് നിങ്ങൾ ഇടപെടുന്നത് എന്ന് ഏല്ലാന്തി കുഞ്ഞാപ്പ ചോദിക്കും. 

അങ്ങനെ ഏല്ലാന്തി കുഞ്ഞാപ്പയെ പോലുള്ള സമീപനം ആരും സ്വീകരിക്കുന്നത് ശരിയല്ല. നിയമസഭ ഒറ്റക്കെട്ടായി ഇക്കാര്യത്തിൽ പ്രവർത്തിക്കുകയാണ്. രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കണമെങ്കിൽ ആവാം. പക്ഷേ ഇതൊന്നും ശരിയല്ല ഇതൊക്കെ അദ്ദേഹം തിരുത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. 

 

കെഎം ഷാജിയുടെ മറുപടി 

സർക്കാരിൻ്റെ രാഷ്ട്രീയം നടത്തി കൊടുക്കേണ്ട ജോലിയല്ല സ്പീക്കറുടേത്. സർക്കാരിന്റെ ബിസിനസുകൾ നടത്താനുള്ള ബാധ്യത മാത്രമാണ് സ്പീക്കറിനുള്ളത്. സ്പ്രിംഗ്ലർ വിവാദം മറികടക്കാൻ മുഖ്യമന്ത്രി  അറിഞ്ഞുകൊണ്ട് നടത്തിയ ശ്രമമാണ് തനിക്കെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ. കേസെടുക്കാൻ നിർദ്ദേശം നൽകും മുമ്പ്  അറിയിക്കാനുള്ള ധാർമിക ഉത്തരവാദിത്വം സ്പീക്കർക്ക് ഉണ്ടായിരുന്നു. എന്നാൽ സ്പീക്കർ അതു പാലിച്ചില്ല. ഇക്കാര്യത്തിൽ സ്പീക്കറുടെ ബലഹീനത മനസ്സിലാക്കുന്നു. 

ഇന്നലത്തെ ന്യൂസ് അവറിൽ കെഎം ഷാജി സ്പീക്കർക്കെതിരെ നടത്തിയ പരാമർശം കാണാം....

Follow Us:
Download App:
  • android
  • ios