Asianet News MalayalamAsianet News Malayalam

നയപ്രഖ്യാപനം: ഗവര്‍ണറെ ക്ഷണിച്ച് സ്പീക്കര്‍, പ്രതിപക്ഷ പ്രമേയത്തില്‍ തീരുമാനം വെള്ളിയാഴ്ച

നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിച്ചെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ച് ഭരണഘടനപരമായ ഉത്തരവാദിത്വം നിർവഹിക്കാൻ എത്തുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

speaker visit and invite governor for budget session of kerala assembly
Author
Raj Bhavan Road, First Published Jan 26, 2020, 1:32 PM IST


തിരുവനന്തപുരം: പൗരത്വ നിയമത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ഇടഞ്ഞു നില്‍ക്കുന്നതിനിടെ ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്താനായി നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു. രാജ്ഭവനിലെത്തിയാണ് സ്പീക്കര്‍ ഗവര്‍ണറെ ക്ഷണിച്ചത്.

സർക്കാരുമായുള്ള പ്രശ്നങ്ങൾ വ്യക്തിപരമല്ലെന്ന് ഗവർണർ സ്പീക്കറുമായുള്ള കൂടിക്കാഴ്ചയില്‍  പറഞ്ഞതായാണ് വിവരം. നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിച്ചെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ച് ഭരണഘടനപരമായ ഉത്തരവാദിത്വം നിർവഹിക്കാൻ എത്തുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

റിപബ്ളിക് ദിനമായ ഞായറാഴ്ച സംസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് സംസാരിച്ച ഗവര്‍ണര്‍ പൗരത്വ ബില്ലിനെ പിന്തുണച്ചു കൊണ്ട് പരോക്ഷ പരാമര്‍ശം നടത്തിയെങ്കിലും അതിലേറെ ശ്രദ്ധേയമായത് സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ചു നടത്തിയ പരാമര്‍ശങ്ങളാണ്. 

റിപ്പബ്ളിക് ദിനത്തില്‍ ഗവര്‍ണര്‍ മാധ്യമങ്ങളെ കാണില്ലെന്ന് നേരത്തെ രാജ്ഭവന്‍ അറിയിച്ചിരുന്നു. പൗരത്വനിയമത്തിന്‍ മേലുള്ള വിവാദങ്ങള്‍ക്ക് ഗവര്‍ണര്‍ താല്‍കാലിക വിരാമമിടുന്നു എന്ന സൂചന വരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് നിയമമന്ത്രിയായ എകെ ബാലന്‍ ഇന്നു നടത്തിയത്. ജില്ലാ തലത്തില്‍ നടന്ന റിപ്പബ്ളിക് ദിന ചടങ്ങുകളില്‍ സംസ്ഥാന മന്ത്രിമാരും പൗരത്വനിയമത്തിനും കേന്ദ്രസര്‍‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം നടത്തുകയുണ്ടായി. 

അതേസമയം ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെ തിരിച്ചു വിളിക്കണം എന്ന് ആവശ്യപ്പെട്ടുള്ള കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചെന്നിത്തലയുടെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്‍റെ നോട്ടീസ് നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോട്ടീസ് നിലനില്‍ക്കുന്നതാണോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ച തീരുമാനമുണ്ടാകും. 

Follow Us:
Download App:
  • android
  • ios