ഉന്നത ഉദ്യോഗസ്ഥന്‍റെ മകന് പ്രത്യേക പരിഗണന; മയക്കുമരുന്നുമായി പിടിയിലായിട്ടും സ്റ്റേഷന്‍ ജാമ്യം
എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്‍റ് കമ്മീഷണർ കെ എ നെല്‍സന്‍റെ മകനും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയുമായ നിർമ്മലിനെ ശനിയാഴ്ച്ച രാത്രിയാണ് മയക്കുമരുന്നുമായി പിടികൂടുന്നത്.

കോഴിക്കോട്: മയക്കുമരുന്നുമായി (drugs) അറസ്റ്റിലായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്‍റെ മകന് ചട്ടംലംഘിച്ച് സ്റ്റേഷന്‍ ജാമ്യം (bail). നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്‍റ് കമ്മീഷണർ കെ എ നെല്‍സന്‍റെ മകന്‍ നിർമ്മലിനെയാണ് കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥർ പ്രത്യേക പരിഗണന നല്‍കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്‍ഡിപിഎസ് കേസുകളില്‍ മയക്കുമരുന്നിന്‍റെ അളവ് എത്രയായാലും സ്റ്റേഷന്‍ ജാമ്യം നല്‍കരുതെന്ന കർശന നിർദ്ദേശം നിലനില്‍ക്കേയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ മകനുവേണ്ടി പ്രത്യേക ഇളവ്.
എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്‍റ് കമ്മീഷണർ കെ എ നെല്‍സന്‍റെ മകനും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയുമായ നിർമ്മലിനെ ശനിയാഴ്ച്ച രാത്രിയാണ് മയക്കുമരുന്നുമായി പിടികൂടുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ആർപിഎഫ് പിടികൂടി എക്സൈസിന് കൈമാറുകയായിരുന്നു. നാലുഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് പറയുന്നു. കോഴിക്കോട് എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടർ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ രാത്രിതന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു. ഇയാൾക്ക് കൗൺസിലിംഗ് നല്‍കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ അളവ് കുറവായതുകൊണ്ടും പ്രതി വിദ്യാർത്ഥിയായതുകൊണ്ടുമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. രണ്ടുദിവസം മുന്‍പ് 2.1 ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിലായത് എക്സൈസ് വാർത്താക്കുറിപ്പായി ഇറക്കിയിരുന്നു. ഈ യുവാക്കളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്‍ഡിപിഎസ് കേസുകളില്‍ മയക്കുമരുന്നിന്‍റെ അളവ് കുറവായാലും സ്റ്റേഷന്‍ ജാമ്യം നല്‍കരുതെന്ന് പല ജില്ലകളിലും എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം സർക്കുലർ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ മകനുവേണ്ടി പ്രത്യേക ഇളവുകൾ. എന്നാല്‍ ചട്ടവിരുദ്ദമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം. കുറഞ്ഞ അളവില്‍ മയക്കുമരുന്ന് പിടികൂടുന്ന കേസുകളില്‍ പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെങ്കില്‍ സ്റ്റേഷന്‍ ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പ്രതികരിച്ചു.