കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ പ്രത്യേക കോടതി നാളെ പരിഗണിക്കും.   വിചാരണക്ക് മുമ്പുള്ള  തുടർ നടപടികളുടെ ഭാഗമായിട്ടാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികള്‍ നാളെ ഹാജരാകണം. ദിലീപ് വിദേശത്തായതിനാലാണ് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയത്. 

കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാത്തതെന്നും  ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്‍ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്.

58 പേജുകളുള്ള വിധിയാണ് കേസിന്‍റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിലെ രേഖയാണെന്ന‌ പ്രോസിക്യൂഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് വിധിയില്‍ പറയുന്നു. ദൃശ്യങ്ങൾ കേസിലെ രേഖയാണെങ്കിൽ പ്രതിക്ക് അത് നൽകേണ്ടതാണ് . എന്നാല്‍, നടിയുടെ സ്വകാര്യത കണക്കിലെടുക്കേണ്ടതാണ്. അതുകൊണ്ട് അവ കൈമാറാനാവില്ല. 

ദിലീപിനോ അഭിഭാഷകർക്കോ വിദഗ്ധർക്കോ ദൃശ്യങ്ങൾ കാണണമെങ്കിൽ മജിസ‌്ട്രേറ്റിനോട്  ആവശ്യപ്പെടാം. മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ എത്രതവണ വേണമെങ്കിലും പരിശോധിക്കാം. ദൃശ്യങ്ങൾ കാണാനായി അപേക്ഷ നൽകിയാൽ അത് മജിസ്ട്രേറ്റ് പരിഗണിക്കണം.

ദൃശ്യങ്ങൾ പരിശോധിക്കുമ്പോള്‍ പ്രതിഭാഗം അവ പകർത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും ദൃശ്യങ്ങൾ പരിശോധിക്കുന്നവരുടെ കയ്യിൽ ഉണ്ടാകരുത് എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Read Also: നടിയെ ആക്രമിച്ച കേസിൽ ഇനിയെന്ത്? അതിവേഗ വിചാരണ വിധിച്ച കേസ് വൈകിയത് രണ്ട് വർഷം