തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കൊവിഡ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതു പരിപാടികളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും ഒഴിവാക്കണം. പൊതുപരിപാടിയിൽ പോകേണ്ടി വന്നാൽ ട്രിപ്പിൾ ലയർ മാസ്‌ക് ഉപയോഗിക്കണം. സാനിറ്റയിസർ ഇടക്കിടെ ഉപയോഗിക്കണം. നേരിട്ട് പങ്കെടുത്തുള്ള യോഗങ്ങൾ ഒഴിവാക്കണം. പകരം യോഗങ്ങള്‍ ഓൺലൈനായി നടത്തണം. യോഗം ചേരുകയാണെങ്കിൽ തുറന്ന ഹാളുകളിൽ പകുതി ആളുകളെ മാത്രം ഉൾപ്പെടുത്തി ആകണം എന്നിങ്ങനെയാണ് മാർഗ നിർദ്ദേശങ്ങള്‍.

വിഐപികൾ സന്ദർശകരെ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചത്തിൽ സംസാരിക്കരുത്. സംസാരിക്കുമ്പോഴും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം, കൃത്യമായി അണു നശീകരണം നടത്തിയ വാഹനം മാത്രം ഉപയോഗിക്കുക, വീട്ടുകാർ പൊതു പരിപാടികളും ചടങ്ങുകളും ഒഴിവാക്കണം, വീട്ടുകാർക്ക് രോഗ ലക്ഷണം ഉണ്ടായാൽ ഉടൻ ആന്റിജൻ പരിശോധന നടത്തണം, വീട്ടിലെ ജോലിക്കാർ ഉൾപ്പെടെ നിർദേശങ്ങൾ പാലിക്കണം എന്നും മാർഗ നിർദ്ദേശമുണ്ട്.

വിഐപികളുടെ സുരക്ഷാ, പേർസണൽ സ്റ്റാഫ്, ഡ്രൈവർമാർക്കും മാർഗനിർദേശം ആയി. ജോലി 14 ദിവസം മാത്രമായി ചുരുക്കും. ജോലി ചെയ്യുന്ന കാലയളവില്‍ വീട്ടിൽ പോകാൻ അനുവദിക്കില്ല. ത്രീ ലയർ മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. അവധി ദിവസം പ്രത്യേകം മുറിയിൽ കഴിയണം. ഡ്യൂട്ടി കഴിഞ്ഞാൽ 7 ദിവസം നിരീക്ഷണം. അത് കഴിഞ്ഞാൽ ആന്‍റിജൻ പരിശോധന നടത്തും. നെഗറ്റീവ് ആയാൽ വീണ്ടും ജോലിയിൽ പ്രവേശിക്കാം എന്നാണ് നിര്‍ദ്ദേശം.