തിരുവനന്തപുരം: ട്രോളിങ് നിരോധനം അവസാനിച്ചതോടെ മത്സ്യബന്ധനവും വിപണന വുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്‍റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും  നിര്‍ദ്ദേശം. തീരദേശങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. മത്സ്യ തൊഴിലാളികൾ കൊവിഡ് ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.


സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം മാതൃകയായി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.