ഇടുക്കി: പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് ക്രൈംബ്രാഞ്ച് കൊച്ചി റേഞ്ച് ഐജി. കോട്ടയം ക്രൈംബ്രാഞ്ച് എസ് പി കെ എം സാബു മാത്യുവിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.

ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എസ് സാബു, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ സജു വര്‍ഗ്ഗീസ്, എസ് ജയകുമാര്‍, എ എസ് ഐ മാരായ പി കെ അനിരുദ്ധന്‍, വി കെ അശോകന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരിക്കും. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാനും ക്രൈം ബ്രാഞ്ച് എഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  പൊലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് റേഞ്ച് ഐജിയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

ഐജി ഗോപേഷ് അഗര്‍വാള്‍ രാജ്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം വാഗമണ്ണിലെ രാജ്കുമാറിന്‍റെ  വീട്ടിലെത്തി അമ്മയില്‍ നിന്നും ഭാര്യയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കസ്റ്റഡി മരണത്തിനൊപ്പം തന്നെ സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘം രൂപീകരിക്കുന്നതിലെ ആദ്യഘട്ടത്തിലെ അവ്യക്തത ഐജി തന്നെ രംഗത്തെത്തിയതോടെ നീങ്ങിയിരിക്കുകയാണ്. 

ഒന്നരമാസം മുമ്പാണ് വാഗമണ്ണില്‍ നിന്നും നെടുങ്കണ്ടത്തേക്ക് രാജ്‍കുമാര്‍ പോയത്. പിന്നീട് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോളാണ് നാട്ടുകാര്‍ രാജ്കുമാറിനെ കാണുന്നത്. തെളിവെടുപ്പിന് രാജ്കുമാറിനെ കൊണ്ടുവന്ന സമയത്തും പൊലീസ് അടിച്ചുവെന്ന് രാജ്കുമാറിന്‍റെ അളിയന്‍ വെളിപ്പെടുത്തിയിരുന്നു. വാഗമണ്ണില്‍ നിന്നും നെടുങ്കണ്ടത്തേക്കും പീരുമേട്ടിലേക്കുമാണ് അന്വേഷണ സംഘം പോയിരിക്കുന്നത്. ഇവിടെ നിന്നും തെളിവെടുപ്പ് നടത്തും. 

"