Asianet News MalayalamAsianet News Malayalam

എസ്.എം.എ. രോഗികളുടെ സ്‌പൈന്‍ സര്‍ജറിയ്ക്ക് തിരുവനന്തപുരം മെഡി. കോളേജില്‍ പ്രത്യേക ടീം: സർക്കാർ മേഖലയിൽ ആദ്യം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്കായി സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു

Special medical team for the treatment of SMA Patients in Trivandrum Medical College
Author
First Published Jan 19, 2023, 8:11 PM IST

തിരുവനന്തപുരം: എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ പ്രത്യേക സംവിധാമൊരുക്കും. പ്രത്യേകമായി ഓപ്പറേഷന്‍ ടേബിള്‍ സജ്ജമാക്കും. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്കായി സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. നട്ടെല്ലിന്റെ വളവ് സര്‍ജറിയിലൂടെ നേരയാക്കുന്നതാണ് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി. 8 മുതല്‍ 12 മണിക്കൂര്‍ സമയമെടുക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിലവില്‍ 300 ഓളം സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറികള്‍ നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളേജിലും യാഥാര്‍ത്ഥ്യമാക്കുന്നത്. എന്‍.എച്ച്.എം. വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം അധികമായി ലഭ്യമാക്കും.

എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ഈ സര്‍ക്കാര്‍ എസ്.എം.എ. ക്ലിനിക് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് പട്ടികയില്‍ അടുത്തിടെ ഉള്‍പ്പെടുത്തി. ഇതുകൂടാതെയാണ് എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്ക് പുതിയ സംവിധാനം വരുന്നത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, ഓര്‍ത്തോപീഡിക്‌സ്, അനസ്തീഷ്യ വിഭാഗം ഡോക്ടര്‍മാര്‍, അപൂര്‍വ രോഗങ്ങളുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios