മാറ്റിവച്ച 3 വാര്‍ഡുകളിലെ വോട്ടെുപ്പിൽ അഞ്ച് മണി വരെ 67.2% പോളിങ്. തിരുവനന്തപുരത്തെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് ഇന്ന് നടന്നത്.
തിരുവനന്തപുരം:സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച മൂന്നു വാര്‍ഡുകളിലെ വോട്ടെുപ്പിൽ വൈകിട്ട് അഞ്ച് മണി വരെ 67.2% പോളിങ്. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാര്‍ഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് വോടെടുപ്പ് നടന്നത്. വൈകിട്ട് ആറിന് വോട്ടെടുപ്പ് പൂര്‍ത്തിയായി. ഒമ്പതുപേര്‍ മത്സരിക്കുന്ന വിഴിഞ്ഞത്ത് 13307 വോട്ടര്‍മാരാണുള്ളത്. പായിംപാടത്ത് 991 ഉം ഓണക്കൂറിൽ 1183 ഉം വോട്ടര്‍മാരുണ്ട്. രണ്ടിടത്തും നാലു വീതം സ്ഥാനാര്‍ഥികളാണുള്ളത്. നാളെ രാവിലെ പത്തു മണി മുതലാണ് വോട്ടെണ്ണൽ. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണയോടെ 51 സീറ്റുകളുമായി കോര്‍പ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് വിഴിഞ്ഞം വാര്‍ഡിലെ വിജയം അടക്കം നിര്‍ണയകമാണ്.
വിഴിഞ്ഞം വാര്‍ഡിൽ വിജയിച്ചാൽ ബിജെപിക്ക് സ്വതന്ത്രന്‍റെ പിന്തുണയില്ലാതെ തന്നെ കേവല ഭൂരിപക്ഷമായ 51 എന്ന മാന്ത്രിക സംഖ്യയിലേക്ക് സ്വന്തം നിലയിൽ എത്താനാകും. എന്നാൽ, നിലവിൽ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ വിഴിഞ്ഞം നിലനിര്‍ത്തുകയെന്നത് ഇടതുപക്ഷത്തിന് അഭിമാന പ്രശ്നവുമാണ്. മുൻ കൗൺസിലർ അബ്ദുൾ റഷീദിലൂടെ 2015-ൽ പിടിച്ചെടുത്ത വാർഡ്, കരുത്തനായ പ്രാദേശിക നേതാവ് എൻ. നൗഷാദിലൂടെ കാത്തുസൂക്ഷിക്കാനാണ് എൽഡിഎഫ് ശ്രമം. എന്നാൽ, എൽഡിഎഫ് മുൻ കൗൺസിലർ തന്നെ വിമതനായി രംഗത്തെത്തിയത് ഇടതുപാളയത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. യുഡിഎഫിനാകട്ടെ, തങ്ങളുടെ പഴയ കരുത്തുറ്റ കോട്ട തിരിച്ചുപിടിക്കാൻ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. എന്നാൽ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി വിമതനായി മത്സരിക്കുന്നത് യുഡിഎഫിന്റെ വോട്ട് ബാങ്കിനെ ബാധിക്കുമോ എന്ന പേടി നിലനിൽക്കുന്നു.ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ചരിത്രപരമായ ഒരു അവസരമാണ്. സർവശക്തിപുരം ബിനുവിനെ സ്ഥാനാർത്ഥിയാക്കി ബിജെപി പയറ്റുന്നത് വാർഡിലെ ത്രികോണ മത്സരത്തിലെ വിള്ളലുകൾ മുതലെടുക്കാനാണ്. എൽഡിഎഫിലും യുഡിഎഫിലും ആഞ്ഞടിക്കുന്ന വിമത ശല്യം തങ്ങൾക്ക് അനുകൂലമായ വോട്ടുകളായി മാറുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.
മലപ്പുറം മുത്തേടം പായിംപാടം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്ലീം ലീഗിന്‍റെ വട്ടത്ത് ഹസീനയുടെ മരണത്തെതുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന്‍റെ മൂന്നു ദിവസം മുമ്പായിരുന്നു മരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊരമ്പയിൽ സുബൈദയും എൽഡിഎഫ് സ്ഥാനാര്‍ത്ഥി സബീനയും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. എൻഡിഎ സ്ഥാനാര്‍ത്ഥഇയായി ടി അനിതയും രംഗത്തുണ്ട്. കാരപ്പുറം ക്രസന്‍റ് യു.പി സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 17 വാര്‍ഡുകളില്‍ 16 എണ്ണത്തിലും യു.ഡി.എഫാണ് വിജയിച്ചത്. ഒരു വാര്‍ഡില്‍ മാത്രമാണ് എല്‍.ഡി.എഫിന് ജയിക്കാനായത്. വോട്ടെടുപ്പ് ദിനത്തിൽ എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡായ ഓണക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബു വാഹനാപകടത്തിൽ മരിച്ചതിനെതുടര്‍ന്നാ് ഈ വാര്‍ഡിൽ വോട്ടെടുപ്പ് മാറ്റിവെച്ചത്. വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജസ്റ്റിൻ ഫ്രാന്‍സിസ് വാഹനാപകടത്തെതുടര്‍ന്ന് മരിച്ചതിനെതുടര്‍ന്നാണ് വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്.



