കൊച്ചി: പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലാത്തത് സംസ്ഥാനത്ത റെയില്‍വേ വികസനത്തിന് തിരിച്ചടിയാവുന്നു. പത്ത് വര്‍ഷത്തിലേറെയായി കേരളം കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും സോണിന് കേന്ദ്രം ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല.

എറണാകുളം കേന്ദ്രമായി കേരളത്തിന് മാത്രമായി ഒരു റെയില്‍വേ സോണ്‍ എന്ന ആവശ്യം ഇപ്പോഴും ചുവന്ന സിഗ്നലിലാണ്. അതുകൊണ്ട് തന്നെ അര്‍ഹമായ വികസന പദ്ധതികള്‍ പലതും കേരളത്തിന് നഷ്ടമായി. തുടങ്ങിയ പദ്ധതികള്‍ മിക്കതും പൂര്‍ത്തീകരിക്കാനുമായില്ല. നിലവില്‍ കേരളത്തിന്‍റെ റെയില്‍വേ ആവശ്യങ്ങള്‍ തീരുമാനിക്കുന്നത് ചെന്നൈയിലാണ്. 

ഇക്കഴിഞ്ഞ ബജറ്റില്‍ ആന്ധ്രക്ക് പ്രത്യേക സോണ്‍ അനുവദിച്ചിരുന്നു. കേരളത്തിന്‍റെ ആവശ്യം അവഗണിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ യാത്രാക്കൂലി ഇനത്തില്‍ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം കേരളത്തില്‍ നിന്നാണ്. എന്നിട്ടും റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, പാത ഇരട്ടിപ്പിക്കല്‍, മറ്റ് നവീകരണ പ്രവൃത്തികള്‍ എന്നിവക്കൊന്നും കേന്ദ്രം കേരളത്തിന് കാര്യമായ സഹായം നല്‍കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രത്യേക സോണ്‍ വരുന്നതോടെ ഈ സ്ഥിതിമാറുമെന്നാണ് പ്രതീക്ഷ.