Asianet News MalayalamAsianet News Malayalam

ദുരൂഹ സാ​ഹചര്യത്തിലെ ഡ്രോൺ പറത്തൽ പ്രത്യേക സംഘം അന്വേഷിക്കും

തീരദേശ റെയിൽവേ പാതക്ക് സർവ്വേ തയ്യാറാക്കാൻ വന്ന സംഘത്തെയാണ് പൊലീസ് സംശയിക്കുന്നത്. ഏറെ ഗൗരവത്തോടെയാണ് ‍ഡ്രോൺ സംഭവത്തെ പൊലീസ് കാണുന്നത്.

special team for investigating mysterious drone sightings in Kerala
Author
Trivandrum, First Published Mar 26, 2019, 10:25 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ തീരദേശത്ത് സുരക്ഷാ കേന്ദ്രങ്ങളിൽ രാത്രി ഡ്രോൺ പറത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. തീരദേശ റെയിൽവേ പാതക്ക് സർവ്വേ തയ്യാറാക്കാൻ വന്ന സംഘത്തെയാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് ഇതിനായി എത്തിയ ഏജൻസിയിലെ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഡ്രോൺ പറത്താൻ ഏജൻസി അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

ഏറെ ഗൗരവത്തോടെയാണ് ‍ഡ്രോൺ സംഭവത്തെ പൊലീസ് കാണുന്നത്. ഈ മാസം 22ന് പുലർച്ചെ ഒരു മണിക്ക് കോവളം തീരത്തിനടുത്താണ് ആദ്യം ദുരൂഹസാഹചര്യത്തിൽ ഡ്രോൺ പറ‍ത്തിയതായി കണ്ടെത്തുന്നത്. കോവളത്ത് രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരു മണിയോടെ ഡ്രോൺ പറക്കുന്നത് കണ്ടത്. വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്‍റർ ഉൾപ്പടെയുള്ള പ്രദേശത്താണ് അർധരാത്രി ഡ്രോൺ കണ്ടെത്തിയത് അന്ന് തന്നെ ഇന്‍റലിജൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചിരുന്നു. 

ഇന്നലെ സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ ക്യാമറ കണ്ടു. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ ക്യാമറ കണ്ടതായി റിപ്പോർട്ട് നൽകിയത്. പൊലീസ് ആസ്ഥാനത്തിന്‍റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോൺ ക്യാമറ പറന്നത്.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശനനിർദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നി‍ർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാൻ പഴുതടച്ച അന്വേഷണം നടത്താൻ പൊലീസും ഇന്‍റലിജൻസും തീരുമാനിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios