ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയെന്നാണ് പരാതി ഉയർന്നത്. ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്.  

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. നാർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസനാണ് അന്വേഷണ ചുമതല. ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയുമാണ് അന്വേഷിക്കുക. ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയെന്നാണ് പരാതി. ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. മുരുകന്‍റെ പതിനേഴ് വയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചു.

സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം. അതിനിടെ മുരുകൻ്റെ അതിക്രമ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മുരുകൻ്റെ അതിക്രമത്തിൽ പരിക്കേറ്റ അയൽവാസി കറുതാ ചലത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മുരുകനെതിരെ അഗളി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്ന് മുരുകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സ്ത്രീകൾ അടക്കമുള്ളവർക്ക് എതിരെ പൊലീസ് അതിക്രമം ഉണ്ടായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.