പാലക്കാട്: നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇന്ന് പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തും. 

കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കുന്നവർക്കായാണ് ഇന്ന്  (സെപ്റ്റംബർ 5-ന്) കാസർഗോഡു നിന്നും പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തുന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വൈകീട്ട് 6.30 നും, കാസർകോട് - എറണാകുളം പ്രത്യേക ട്രെയിൻ രാത്രി 9.30 നും പുറപ്പെടും. 

അൺറിസ‍ർവ്ഡ് ട്രെയിനായതിനാൽ റിസർവേഷൻ ആവശ്യമില്ല. മറ്റു യാത്രക്കാർക്കും ഈ  സൗകര്യം ഉപയോഗിക്കാം എന്ന് റെയിൽവേ അറിയിച്ചു. കണ്ണൂർ,കോഴിക്കോട്, തിരൂർ,ഷൊറണ്ണൂർ ജംഗ്‌ഷൻ, തൃശൂർ, ആലുവ, എറണാകുളം ജംഗ്‌ഷൻ, ആലപ്പുഴ, കായകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.