കൊല്ലം: കൊല്ലം ബൈപ്പാസിൽ വാഹനങ്ങളുടെ പരമാവധി വേഗം നിശ്ചയിച്ചു. പരാമവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററായി നിശ്ചയിച്ചുകൊണ്ടുളള ബോര്‍ഡുകളും സ്ഥാപിച്ചു. നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ടിനായി റോഡ് സുരക്ഷ അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു. അപകടക്കളമാകുന്ന ബൈപ്പാസിനെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആളെക്കൊല്ലും കൊല്ലം ബൈപ്പാസ് പരമ്പരയെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍. ബൈപ്പാസിലൂടെ ഇനി ചീറിപ്പായാൻ പറ്റില്ല. കാറിന് പരമാവധി 60 കിലോമീറ്റര്‍, ട്രക്കിനും വലിയ വാഹനങ്ങള്‍ക്കും 50 കിലോമീറ്റര്‍, ഇരു ചക്രവാഹനത്തിന് 50 കിലോമീറ്റര്‍, ഓട്ടോറിക്ഷയ്ക്ക് 35 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വേഗപരിധി. ഇതിനപ്പുറം വേഗമെടുത്താൽ പിടിവീഴും. നിയമലംഘനം കണ്ടെത്താൻ ഇന്‍റെർസെപ്റ്ററും പൊലീസും ബൈപ്പാസിലുണ്ടാകും. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുളള നടപടികൾ അന്തിമഘട്ടത്തിലാണ്.

രാത്രിയിലുള്‍പ്പെടെ സിഗ്നല്‍ ലൈറ്റുകൾ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പ്രധാന കവലകൾ കൂടാതെ 4 ചെറിയ കവലകളില്‍ കൂടി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും. ഇടറോഡുകളുള്ള 41 ഇടങ്ങളിൽ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനമായി. വേഗ നിയന്ത്രണം ഉറപ്പാക്കാൻ ഹംപുകൾ സ്ഥാപിക്കുന്നതും ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലുണ്ട്.