മരച്ചീനി സ്പിരിറ്റിന് 90 രൂപയോളമാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ ചെലവ്. നിലവില്‍ 60 രൂപക്ക് സ്പിരിറ്റ് കിട്ടും. മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിഗണിച്ച് പുതിയ പഠനം നടത്തുമെന്നും കിഴങ്ങുവിളഗവേഷണ കേന്ദ്രം അറിയിച്ചു. 

തിരുവനന്തപുരം: മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. നേരത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍, പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. പദ്ധതിക്ക് സാമ്പത്തിക പ്രായോഗികതയില്ലാത്തതിനാലാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നും കുറഞ്ഞ ചെലവില്‍ സ്പിരിറ്റ് നിര്‍മ്മിക്കാനായി പുതിയ പഠനം നടത്തുമെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

മരച്ചീനി സ്പിരിറ്റിന് 90 രൂപയോളമാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ ചെലവ്. നിലവില്‍ 60 രൂപക്ക് സ്പിരിറ്റ് കിട്ടും. മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിഗണിച്ച് പുതിയ പഠനം നടത്തുമെന്നും കിഴങ്ങുവിളഗവേഷണ കേന്ദ്രം അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയതിലൂടെ സംസ്ഥാനത്ത് മരച്ചിനി ഉല്‍പാദനം കൂടുകയും കിലോക്ക് അഞ്ച് രൂപ പോലും കര്‍ഷകന് കിട്ടാത്ത സ്ഥിതിയുമാണുള്ളത്. ഈ സാഹചര്യത്തിലാണ് മരച്ചീനിയില്‍ നിന്ന് സ്പിരിറ്റടക്കമുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ പരിഗണിക്കണമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ നിര്‍ദേശിച്ചത്.

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കിഴങ്ങുവിള ഗവേഷണ കേന്ദ്രം 1983 ല്‍ തന്നെ ഇത് സംബന്ധിച്ച പഠനം നടത്തി പേറ്റന്റ് നേടിയിരുന്നു. നാല് കിലോ മരിച്ചീനിയില്‍ നിന്ന് ഒരു കിലോ സ്റ്റാര്‍ച്ച് ഉണ്ടാക്കാമെന്നും ഇതില്‍ നിന്ന് 450 എംഎല്‍ സ്പിരിറ്റ് ഉണ്ടാക്കാമെന്നുമാണ് കണ്ടെത്തിയിരുന്നത്. ഏറ്റവുമൊടുവില്‍ നടത്തിയ പഠനത്തില്‍ ഇത് 680 എംഎല്‍ വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ലിറ്റര്‍ സ്പിരിറ്റ് ഉണ്ടാക്കാന്‍ 8 കിലോ മരച്ചീനിയെങ്കിലും വേണ്ടി വരും. കര്‍ഷകന് 10 രൂപയെങ്കിലും കിലോക്ക് നല്‍കി മരച്ചീനി സ്പിരിറ്റ് നിര്‍മ്മിക്കുന്നത് പ്രായോഗികമാകില്ല. 

അതേസമയം, മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് എന്ന പഠനം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രം വ്യക്തമാക്കി. പാപ്പനംകോട്ടെ റീജിയണല്‍ റിസര്‍ച്ച് ലാബുമായി സഹകരിച്ച് പുതിയ സാധ്യത പഠനം നടത്തും. അതേസമയം മരച്ചീനി സ്പിരിറ്റ് നിലവില്‍ പ്രായോഗികമല്ലെങ്കിലും മറ്റ് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ സജീവനമായി പരിഗണിക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona