തിരുവനന്തപുരം:സാലറി കട്ടിനെച്ചൊല്ലി കെഎസ്ആര്‍ടിസിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ക്കുള്ളില്‍ കടുത്ത ഭിന്നത.സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷയൂണിയന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.  പ്രതിസന്ധിഘട്ടതില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്ന നിലപാടിലാണ് ഭരാണാനുകൂല സംഘടന.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ലഭിക്കുന്ന ശമ്പളപരിഷ്‌കരണമോ, ഡിഎയോ ലഭിക്കാത്തവരാണ് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികള്‍ .കാലാവധി കഴിഞ്ഞ് നാലുവര്‍ഷം പിന്നിട്ടിട്ടും ശമ്പളപരിഷ്‌ക്കരണം നടന്നിട്ടില്ല. ആറു ഗഡു ഡി.എയും കുടിശ്ശികയാണ്.സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കഴിഞ്ഞ നാലുവര്‍ഷമായി പ്രെമോഷന്‍, മെഡിക്കല്‍ ആനുകൂല്യം ഉള്‍പ്പടെ എല്ലാ അലവന്‍സുകളും തടഞ്ഞുവച്ചിരിക്കുകയാണ്.നിര്‍ബന്ധിതമായി ശമ്പളം പിടിക്കുന്നത് തൊഴിലാളികളുടെ ജീവിത സാഹചര്യം കൂടുതല്‍ പ്രതിസന്ധിയിലാക്കും.സാമ്പത്തിക നില മെച്ചപ്പെടുമ്പോള്‍  പിടിച്ചെടുത്ത ശമ്പളം തിരികെ നല്‍കുമെന്ന് പറയുന്നത് കെഎസ്ആര്‍ടിസിയില്‍ പ്രായോഗികമാകില്ല.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ നിര്‍ബന്ധിത സാലറി കട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി,ധനമന്ത്രി എന്നിവര്‍ക്ക്   ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ കത്ത് നല്‍കി.അതേ സമയം സാലറി കട്ടിനോട് സഹകരിക്കണമെന്ന നിലപാടിലാണ് ഭരാണാനുകൂല സംഘടനയായ കെഎസ്ആര്‍ടിഎംപ്ളോയീസ് അസോസിയേഷന്‍. .പ്രതിമാസം 6 ദിവസത്തെ ശമ്പളം വീതം 5 മാസം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കില്ലെന്നും സംഘടന അറിയിച്ചു.