നവീകരണ ജോലികൾ പൂർത്തിയാക്കാതെ കലൂർ സ്റ്റേഡിയം സ്പോൺസർ ജിസിഡിഎയ്ക്ക് കൈമാറി. സ്റ്റേഡിയത്തിനകത്തെ ജോലികൾ പൂർത്തിയായിയെന്നാണ് ജിസിഡിഎ ചെയർമാൻ പറയുന്നത്. ബാക്കിയുള്ള ജോലികൾ ജിസിഡിഎയും സ്പോൺസറും സംയുക്തമായി പൂർത്തിയാക്കുമെന്നും ചെയര്‍മാൻ പറഞ്ഞു

കൊച്ചി: നവീകരണ ജോലികൾ പൂർത്തിയാക്കാതെ കലൂർ സ്റ്റേഡിയം സ്പോൺസർ ജിസിഡിഎയ്ക്ക് കൈമാറി. സ്റ്റേഡിയത്തിനകത്തെ ജോലികൾ പൂർത്തിയായിയെന്നാണ് ജിസിഡിഎ ചെയർമാൻ പറയുന്നത്. ബാക്കിയുള്ള ജോലികൾ ജിസിഡിഎയും സ്പോൺസറും സംയുക്തമായി പൂർത്തിയാക്കുമെന്നും ചെയര്‍മാൻ പറഞ്ഞു. നവംബർ 30നുള്ളിൽ സ്റ്റേഡിയം നവീകരിച്ച് കൈമാറുമെന്നായിരുന്നു സ്പോൺസറുടെ വാഗ്ദാനം. അര്‍ജന്‍റീന ടീമിന്‍റെ മത്സരത്തിനായാണ് സ്പോണ്‍സര്‍ക്ക് സ്റ്റേഡിയം കൈമാറിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സെപ്റ്റംബര്‍ 26നാണ് സ്പോണ്‍സര്‍ കലൂര്‍ സ്റ്റേഡിയം ഏറ്റെടുത്തത്. 70 കോടി രൂപ ചെലവിൽ പുതിയ കവാടം, ചുറ്റുമതിൽ, വിവിഐപി സിറ്റിങ് ഏരിയ, സീറ്റിങ് അറേഞ്ച്മെന്‍റ് സംവിധാനം, ടര്‍ഫ് നവീകരണം തുടങ്ങിയവയായിരുന്നു സ്പോണ്‍സറുടെ വാഗ്ദാനം. നവീകരണം ആരംഭിച്ചെങ്കിലും അര്‍ജന്‍റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് ഒക്ടോബറിൽ വ്യക്തമായിരുന്നു. 

സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടം ഉള്‍പ്പെടെയുള്ള നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്ക് സമയം അനുവദിക്കുന്നതിനൊപ്പം ജിസിഡിഎയും നവീകരണ പ്രവര്‍ത്തനം നടത്തുമെന്നാണ് വിവരം. നിലവിലെ സ്റ്റേഡിയത്തിന്‍റെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗം പരിശോധിക്കും. നവംബര്‍ 30വരെയാണ് സ്പോണ്‍സറും സ്പോര്‍ട്സ് കൗണ്‍സിൽ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്. അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റം വിവാദമായപ്പോള്‍ നിയമകുരുക്ക് ഒഴിവാക്കാൻ കായികവകുപ്പും ജിസിഡിഎയും സ്പോണ്‍സറുമായി പുതിയ തൃകക്ഷി കരാറുണ്ടാക്കുകയായിരുന്നു. 

പിടിച്ചുനിൽക്കാൻ ഒരു വഴിയും ഇല്ലാതായതോടെ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് നേരത്തെ കായിക മന്ത്രി സമ്മതിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഈ മാസം ആദ്യം കൊച്ചി കലൂർ സ്റ്റേഡിയത്തിലെ സ്പോൺസറായ ആ‌ർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണം നടന്നുവെന്ന് കാണിച്ച് ജിസിഡിഎ പൊലീസിൽ പരാതി നൽകിയിരുന്നു. സൈറ്റ് ഓഫീസായി പ്രവർത്തിച്ച മുറികളുടെ പൂട്ട് തല്ലിതകർത്താണ് മോഷണം നടന്നതെന്നാണ് പരാതി. ഓഫീസ് കുത്തിത്തുറന്ന് രേഖകൾ പരിശോധിച്ചുവെന്നും ചില രേഖകളും മൊബൈൽ ചാർജറും നഷ്ടപ്പെട്ടുവെന്നും സ്പോണ്‍സര്‍ക്കുവേണ്ടി ജിസിഡിഎ നൽകിയ പരാതിയിലുണ്ട്.

YouTube video player