ശബരിമല ദ്വാരപാലക പാളിയിലെ തൂക്ക വ്യത്യാസത്തിൽ അന്വേഷണം നടത്തി വ്യക്തത ഉണ്ടാകട്ടെയെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. വിജിലൻസ് അന്വേഷണവുമായി സഹകരിക്കുമെന്നും മെയിൻ്റനൻസ് വർക്കിനിടെ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകാമെന്നും പോറ്റി
തിരുവനന്തപുരം: ശബരിമല ദ്വാരപാലക പാളിയിലെ തൂക്ക വ്യത്യാസത്തിൽ അന്വേഷണം നടത്തി വ്യക്തത ഉണ്ടാകട്ടെയെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. വിജിലൻസ് അന്വേഷണവുമായി സഹകരിക്കും. ദ്വാര പാലക ശിൽപ്പത്തിന്റെ കോപ്പർ പാളികളാണ് ദേവസ്വം കൈമാറിയത്. അറ്റകുറ്റപ്പണികൾ നടത്തി സ്വർണം പൊതിയണം എന്നായിരുന്നു ആവശ്യം. മെയിന്റനൻസ് വർക്ക് നടത്തിയപ്പോൾ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും. ചില ഭാഗങ്ങൾ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു. അരക്ക് നീക്കം ചെയ്യുകയും പോളിഷ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്വർണ്ണം പൂശുന്നതിനു മുൻപാണ് ഇത് ചെയ്തത്. ഹൈക്കോടതി പറഞ്ഞ തൂക്കക്കുറവ് ചിലപ്പോൾ അങ്ങനെ സംഭവിച്ചതാകാമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
കോപ്പർ പാളികൾക്ക് എത്ര തൂക്കം ഉണ്ടായിരുന്നുവെന്ന് തനിക്കറിയില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി
സ്വർണ്ണം പൊതിയുന്നതിന് മുൻപ് 38.258 ഗ്രാം തൂക്കം ആയിരുന്നു പാളികൾക്ക്. ചെന്നൈയിലെത്തിയ ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തൂക്കിയത്. 394.9 ഗ്രാം സ്വർണ്ണം ഈ കോപ്പർ പാളികളിൽ പൊതിഞ്ഞു. അറ്റകുറ്റപ്പണികൾക്ക് മുൻപ് കോപ്പർ പാളികൾക്ക് എത്ര തൂക്കം ഉണ്ടായിരുന്നുവെന്ന് തനിക്കറിയില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സന്നിധാനത്ത് താനും ബന്ധുവും ആണ് കോപ്പർ പാളി കൊണ്ടുപോകാൻ എത്തിയതെന്നും പമ്പ വരെ ട്രാക്ടറിലും പിന്നീട് സ്വന്തം കാറിലും ആണ് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.


