Asianet News MalayalamAsianet News Malayalam

സ്പ്രിംക്ലർ കരാർ: ഇടതുമുന്നണി സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്; വാദങ്ങൾ കോടതിക്ക് ബോധ്യപ്പെടുമെന്ന് മന്ത്രി

സർക്കാരിന്റെ വാദങ്ങൾ കോടതിക്ക് ബോധ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഇന്ന് ഇടക്കാല ഉത്തരവിൽ കോടതി എന്തെങ്കിലും വിമർശനം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും വ്യക്തമാക്കി

Sprinker contract Minister AK Balan response to kerala high court Interim order
Author
Thiruvananthapuram, First Published Apr 24, 2020, 4:33 PM IST

തിരുവനന്തപുരം: സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സർക്കാരിനെ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് നിയമ മന്ത്രി എകെ ബാലൻ. സർക്കാരിന്റെ വാദങ്ങൾ കോടതിക്ക് ബോധ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഇന്ന് ഇടക്കാല ഉത്തരവിൽ കോടതി എന്തെങ്കിലും വിമർശനം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും വ്യക്തമാക്കി.

"കോടതി പരാമർശം അറിയില്ല. എന്തെങ്കിലും വിമർശനം കോടതി ഉന്നയിച്ചുട്ടുണ്ടെങ്കിൽ അത് മാറ്റും. മഹാമാരിയായ ഒരു രോഗം ഉണ്ടാകുമ്പോൾ ജനങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാരാണെങ്കിൽ രോഗത്തിന്റെ നിരീക്ഷണം അനിവാര്യമാണ്. അതിനാണ് ഡാറ്റ കളക്ഷനും അനാലിസിസിനും പ്ലാനിങിനും രൂപം കൊടുത്തത്. അത് ബൃഹത്തായ പദ്ധതിയാണ്. എന്തുകൊണ്ട് ഈ സാഹചര്യം വന്നുവെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വകാര്യത സംരക്ഷിച്ച് തന്നെയാണ് ഇതുണ്ടാക്കിയത്" എന്നും മന്ത്രി പറഞ്ഞു.

"സേവന ദാതാവായ സ്പ്രിംക്ലറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കങ്ങൾ മാത്രമാണ് അമേരിക്കയിൽ വാദം നടക്കുക. അതേസമയം ഇന്ത്യയിലെ ഏതൊരു പൗരനും ഈ കരാറിനെതിരെ ഇന്ത്യയിലെ ഏത് കോടതിയെയും സമീപിക്കാനാവും. ഡാറ്റാ സംരക്ഷണത്തിന്റെ രഹസ്യസ്വഭാവം എന്തായിരിക്കണം എന്ന് സർക്കാർ വ്യക്തമാക്കിയതാണ്. കേന്ദ്രസർക്കാരിന്റെ ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 12 ക്ലൗഡ് പ്രൊവൈഡേർസുണ്ട്. ഇതിലൊന്നിലാണ് ഈ വിവരങ്ങളും സൂക്ഷിക്കുന്നത്" എന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്തെ ആദിവാസി മേഖലയിൽ കൊവിഡ് കാലത്ത് പ്രതീക്ഷിച്ച അത്രയും വലിയ പ്രതിസന്ധി ഉണ്ടായില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭക്ഷണവും മറ്റ് സേവനങ്ങളും എത്തിക്കാനായി. സർക്കാരിനെ സംബന്ധിച്ച് ഈ ഘട്ടത്തിൽ വീട്ടിൽ പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതിന് പരിഹാരം കാണുമെന്നും മന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈനായി അപേക്ഷ നൽകിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്ക് ആവശ്യമായ പണം ലഭിക്കും. പട്ടികജാതി- പട്ടിക വർഗ വിഭാഗത്തിൽ ഒരു ലക്ഷം രൂപ വരെ തനിക്ക് നേരിട്ട് നൽകാനാവുമെന്നും മന്ത്രി പറഞ്ഞു. കാശില്ലാതെയും ചികിത്സ കിട്ടാതെയും ജീവിതം വഴിമുട്ടുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പു പറഞ്ഞു. 

Follow Us:
Download App:
  • android
  • ios