തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ഡാറ്റാ കൈമാറാൻ അമേരിക്കൻ കമ്പിനിയായ സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചൊല്ലി ബിജെപിയിൽ ചേരിപ്പോര്. കരാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന അധ്യക്ഷന്‍റെ നിലപാട് തള്ളി എംടി രമേശ് രംഗത്തെത്തി. കരാറിനെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന കെ സുരേന്ദ്രന്‍റെ നിലപാടിനെ സിബിഐ അന്വേഷണം അല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന് ഫേസ് ബുക്കിലെഴുതിയാണ് എംടി രമേശ് നേരിടുന്നത്. രാജ്യാന്തര ബന്ധമുള്ള കരാര്‍ വിശദാംശങ്ങൾ അന്വേഷിക്കാൻ സിബിഐ തന്നെ വേണമെന്നാണ് എംടി രമേശ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്. 

എംടി രമേശിന്‍റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 

സ്പ്രിംക്ലര്‍ ഇടപാടില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം?.രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എന്‍ഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോള്‍ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും 'ഓപ്പറേഷന്‍ വിജയകരം; രോഗി മരിച്ചു' എന്ന അവസ്ഥയിലേ ആകൂ...

അതേസമയം കരാറിലെ അഴിമതിയെ കുറിച്ചാണ് അന്വേഷണം വേണ്ടതെന്നും അത് കൊണ്ടാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതെന്നുമാണ് കെ സുരേന്ദ്രൻ പക്ഷം വിശദീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. അത് കോടതിയിൽ നിൽക്കില്ലെന്ന തിരിച്ചറിവ് കൊണ്ടാണെന്നും ഇവര്‍ പറയുന്നു. 

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന അതൃപ്തിയാണ് സ്പ്രിംക്ലറിനെതിരായ നിലപാടിലെ വിരുദ്ധ അഭിപ്രായത്തിലൂടെ വീണ്ടും പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്,.