Asianet News MalayalamAsianet News Malayalam

സ്പ്രിംഗ്ളർ വിവാദം: മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് കനത്ത ക്ഷീണമായെന്ന് സിപിഎം വിലയിരുത്തൽ

കൂട്ടായ ആലോചനയില്ലാതെ ഐടി വകുപ്പെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും, മുഖ്യമന്ത്രിക്ക് പിന്തുണ കൊടുക്കാനാണ് നേതാക്കളുടെ പൊതുതീരുമാനം
Sprinklr controversy CM Pinarayi Vijayan CPIM LDF leaders
Author
Thiruvananthapuram, First Published Apr 14, 2020, 2:06 PM IST
തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോള്‍  കൃത്യമായ മറുപടി കൊടുക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് ക്ഷീണമായെന്ന് സിപിഎം വിലയിരുത്തൽ. ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തിനും ഇതേ വിലയിരുത്തലാണ്.

കൂട്ടായ ആലോചനയില്ലാതെ ഐടി വകുപ്പെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും, മുഖ്യമന്ത്രിക്ക് പിന്തുണ കൊടുക്കാനാണ് നേതാക്കളുടെ പൊതുതീരുമാനം. എന്നാല്‍ വീണ് കിട്ടിയ അവസരം പരമാവധി മുതലാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് പ്രതിപക്ഷം.

പതിവ് വാര്‍ത്താസമ്മേളനങ്ങളില്‍ തലനാരിഴ കീറി വിവരങ്ങള്‍ പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഒഴിഞ്ഞു മാറിയതെന്ന ചിന്ത സിപിഎം - എല്‍ഡിഎഫ് കേന്ദ്രങ്ങളെ അലട്ടുന്നുണ്ട്. തന്‍റെ വലം കൈയായ ഐടി സെക്രട്ടറിക്ക് തെറ്റ് പറ്റിയോ എന്ന സംശയം മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തന്നെയുണ്ടോ എന്ന തോന്നലും സജീവമാണ്.

ഡാറ്റ കൈമാറ്റം, സ്വകാര്യതാ സംരക്ഷണം എന്നീ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുള്ള സിപിഎമ്മും സിപിഐയും വളരെ ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി വകുപ്പിനില്ലാത്ത സൗകര്യങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനി സൗജന്യമായി നല്‍കുമ്പോള്‍ അവര്‍ക്കെന്ത്  ലാഭമെന്ന ചിന്ത സ്വാഭാവികമാണ്. ഡാറ്റാ കച്ചവടമെന്ന പ്രതിപക്ഷാരോപണം ഇവിടെയാണ് പ്രസക്തമാകുന്നത്. ആരോഗ്യവകുപ്പോ, തദ്ദേശസ്വയംഭരണവകുപ്പോ, മറ്റ് മന്ത്രിമാരോ ഒന്നും ഇതറിഞ്ഞിട്ടില്ല.

ഇതില്‍ ചോരാനെന്തിരിക്കുന്നു എന്ന ദുര്‍ബലചോദ്യങ്ങളുയര്‍ത്തുന്ന മന്ത്രിമാര്‍ക്ക് പലതുമുണ്ടെന്ന മറുപടിയാണ് പ്രതിപക്ഷത്തിനുള്ളത്. ഐടി സെക്രട്ടറിയിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് പ്രതിപക്ഷം നീങ്ങുമ്പോള്‍ ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായ വിഷയമായി കൂടി സ്പ്രിംഗ്ലര്‍ വിവാദം കത്തികയറും. കൊവിഡ് പ്രതിരോധത്തിന്‍റെ ദിവസളില്‍ ചിത്രത്തിൽ ഇല്ലാതിരുന്ന പ്രതിപക്ഷത്തിന് ജിവൻ-മരണ പോരാട്ടം കൂടിയായതിനാല്‍ നിയമ യുദ്ധമടക്കം അവര്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്.
Follow Us:
Download App:
  • android
  • ios