തിരുവനന്തപുരം: സ്പ്രിംക്ലർ വിവാദം പരിശോധിക്കാനായി സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചു. മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറി മാധവൻ നമ്പ്യാർ ചെയർമാനായാണ് സമിതി. മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനാണ് സമിതിയിലെ രണ്ടാമത്തെ അംഗം. ജനങ്ങളുടെ സ്വകാര്യത സ്പ്രിംക്ലർ കരാർ സംരക്ഷിക്കുമോ, മതിയായ മാനദണ്ഡങ്ങൾ കരാറിൽ ഏർപ്പെടുമ്പോൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യങ്ങൾ സമിതി പരിശോധിക്കും. 

ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഭാവിയിലേക്ക് ആവശ്യമായ നിർദ്ദേശങ്ങളും സമിതി നൽകും. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനം എടുത്തത് ശരിയാണോ നീതീ കരിക്കാൻ ആകുന്നതാണോ എന്നും രണ്ടംഗ സമിതി പരിശോധിക്കും. ഐഐഐടിഎം - കെ സമിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്ത് നൽകുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് ഒപ്പിട്ട ഉത്തരവിൽ പറയുന്നു. ഇന്നലത്തെ തീയതിയിലാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് 
ഇന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അടിയന്തര ഘട്ടത്തിൽ അടിയന്തരമായി എടുത്ത തീരുമാനമാണ് കരാറെന്നും വ്യക്തിഗത വിവരങ്ങൾ ചോരില്ലെന്നുമെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി. വിവാദത്തിൽ മറുപടി ആവശ്യപ്പെട്ട് സ്പ്രിംക്ലറിന് മെയിൽ അയക്കാൻ കോടതി നിര്‍ദ്ദേശം നൽകിയിരിുന്നു. നിരീക്ഷണത്തിലുളളവർക്ക്  നിലവിൽ എന്തൊക്കെ രോഗങ്ങളുണ്ടെന്ന വിവരങ്ങൾ  ശേഖരിക്കുന്നത് അപകടകരമാണെന്നും രാജ്യാന്തര മരുന്നു കമ്പനികൾക്ക് അടക്കം അത്  കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.   

കൊവിഡ് പടരുന്ന സാഹചര്യത്തിൽ പെട്ടെന്നെടുത്ത തീരുമാനമാണെന്നും ഗൗരവമുളള വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക്  കൈമാറുന്നില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി. അങ്ങനെ പറയരുതെന്ന് താക്കീത് ചെയ്ത കോടതി  മെ‍ഡിക്കൽ വിവരങ്ങൾ ചോരുന്നത് അപകടകരമാണെന്നുകൂടി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന് സ്വന്തമായൊരു ഐടി വിഭാഗം ഉണ്ടായിരിക്കെ എന്തിനാണ് മൂന്നാമതൊരു കമ്പനിയെ ഏ‌ൽപിച്ചതെന്ന് സർക്കാർ വിശദീകരിക്കണം. വ്യക്തിഗത വിവരങ്ങൾ ചോർന്നാൽ പൗരൻമാർക്ക് സർക്കാരിനെതിരെ നിയമ നടപടിയെടുക്കാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ അമേരിക്കൻ കോടതിയുടെ പരിധിയിലായിരിക്കുമെന്ന കരാർ വ്യവസ്ഥ വിചിത്രമാണെന്നും ഇന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സ്പ്രിംക്ലർ വിവാദത്തിൽ ഹൈക്കോടതി പരാമർശം അടക്കമുള്ളവയിൽ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.. ഏഴ് മണിയായതിനാൽ ഇനി ചോദ്യോത്തരങ്ങൾക്ക് സമയമില്ലെന്നും, നാളെ കാണാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി പരാമർശമുള്ളവയടക്കം പരാമർശിക്കാൻ മാധ്യമപ്രവ‍ർത്തകർ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. 

സാധാരണ വൈകിട്ട് 6 മണിക്കാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങാറ്. ആറേമുക്കാലോടെ പ്രസ്താവന പൂർത്തിയാക്കി ചോദ്യോത്തരങ്ങൾക്ക് മറുപടി നൽകും. ഇതാണ് പതിവ്. ഏഴ് മണി വരെയാണ് വാർത്താസമ്മേളനം നീളാറ്. ആ സമയം കഴിഞ്ഞുപോയി എന്ന് പറഞ്ഞാണ് ഇനി ചോദ്യങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്.