തിരുവനന്തപുരം: സ്രവങ്ങളിൽ നിന്ന് ആർ.എൻ.എ വേർതിരിക്കാന്‍ കഴിയുന്ന നൂതന കിറ്റിനുള്ള പേറ്റന്‍റിനായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. പിസിആർ, ലാമ്പ് പരിശോധനകൾക്ക് ആണ് ഇത് ഉപയോഗിക്കാനാവുക. കൊവിഡ് 19 പരിശോധനയുടെ കൃത്യത ഇതോടെ വർധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊവിഡ് പരിശോധനയെ കുറിച്ച് മുഖ്യമന്ത്രി

'കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളേജിലെയും കോട്ടയം മെഡിക്കൽ കോളേജിലെയും കൊവിഡ് 19 ലാബിന് ഐസിഎംആർ അംഗീകാരം ലഭിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നാളെ മുതൽ കൊവിഡ് പരിശോധന ആരംഭിക്കും. ഇവിടെ നാല് റിയൽ ടൈം പിസിആർ മെഷീനുകൾ സജ്ജമാക്കി. ആദ്യ ഘട്ടത്തിൽ 15 ഉം പിന്നീട് 60 വരെയും പരിശോധന ദിവസം നടത്താനാവും. കേരളത്തിൽ 14 സര്‍ക്കാർ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്. രണ്ട് സ്വകാര്യം ലാബുകളിലും പരിശോധന നടന്നുവരുന്നു'. 

'സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധന വേഗത്തിലാക്കാൻ പത്ത് റിയൽ ടൈം പിസിആർ മെഷീൻ വാങ്ങാനാണ് അനുമതി നൽകിയത്. മൂന്നാം ഘട്ട രോഗവ്യാപനം സംസ്ഥാനത്ത് കണക്കുകൂട്ടിയതുപോലെ ഉണ്ടായില്ല എന്നതാണ് നിലവിലെ കണക്കിൽ അനുമാനിക്കുന്നത്, ഇത് ആശ്വാസമാണ്. സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ ഇതിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ല. ഇത് നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട്, കർണാടക അതിർത്തി പ്രദേശങ്ങളിലൂടെ ആളുകൾ ഇരുവശത്തേക്കും കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും' എന്നും മുഖ്യമന്ത്രി അറിയിച്ചു.