തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഈ മാസം 30ന് തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിശ്വാസികൾക്കൊപ്പമെന്ന സിപിഎം വാദം വാചക കസർത്ത് മാത്രമാണെന്നും നിലപാട് മാറ്റിയെങ്കിൽ സിപിഎം വിശ്വാസികളോട് മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

അതേസമയം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും വിശ്വാസികള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരല്ലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ആദ്യകാലത്തെടുത്ത നിലപാടുകളില്‍ നിന്ന് അണുവിട വ്യതിയാനം പാര്‍ട്ടി വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ക്കു സംരക്ഷണം കൊടുക്കുകയാണ് സര്‍ക്കാരിന്‍റെ കടമ. രാജ്യത്തെ ജനങ്ങളില്‍ 95 ശതമാനവും വിവിധ ജാതി മത വിഭാഗങ്ങളില്‍ പെടുന്ന വിശ്വാസികളാണ്. ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരായാലും അവരെല്ലാം വിശ്വാസികളാണ്. ആ വിശ്വാസികള്‍ക്ക് എതിരാണ് സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളുമെന്ന് ഒരിക്കലും പറ‌ഞ്ഞിട്ടില്ല. 

ശബരിമല വിഷയത്തിലെടുത്ത നിലപാടാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് ഇടതുപക്ഷം വിലയിരുത്തിയിട്ടില്ല. ബിജെപിയെ എതിര്‍ക്കുന്നവര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തു. അവര്‍ ദേശീയതലത്തില്‍ ബിജെപിക്ക് ബദലായി ഇടതുപാര്‍ട്ടികളെ കണ്ടില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ അവര്‍ ബദലായി കണ്ടു. അതാണ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.