തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിന്‍റെ ഇന്നത്തെ പോക്ക് ആർക്കും ഗുണകരമല്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിമര്‍ശനം. എൻആർസിയുമായി ബന്ധപ്പെട്ട് കുറ്റകരമായ മൗനവും വയലന്‍സും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്‍ആര്‍സി കേരളത്തില്‍ ആരെയും ദോഷകരമായി ബാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെയും ശ്രീധരന്‍ പിള്ള നേരത്തെ വിമര്‍ശിച്ചിരുന്നു.  സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര ചട്ടലംഘനമാണ്. ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുന്നു എന്ന മട്ടിൽ ഉയരുന്ന വിമര്‍ശനങ്ങൾ ശരിയല്ലെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. 

 സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. എന്തും ഏതും വിവാദമാക്കുന്നത് മലയാളികൾക്ക് ഗുണം ചെയ്യില്ല. സംസ്ഥാന സർക്കാറും യുഡിഎഫ് മാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഗവർണർ വേണ്ടെന്ന ചില രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശം  ഭരണഘടനാ വിരുദ്ധമാണ്. കാലങ്ങൾക്കു മുൻപേ തന്നെ ഈ ആവശ്യം രാജ്യം തള്ളിയതാണെന്നും ശ്രീധരൻ പിള്ള കോഴിക്കോട്ട് അഭിപ്രായപ്പെട്ടിരുന്നു.