Asianet News MalayalamAsianet News Malayalam

നവകേരള സദസിന് 50,000 അനുവദിച്ച് വെട്ടിലായി യുഡിഎഫ് ഭരിക്കുന്ന നഗരസഭ; പുനഃപരിശോധിക്കുമെന്ന് നഗരസഭ അധ്യക്ഷ

പണം നൽകേണ്ടെന്ന് പാർട്ടി അറിയിപ്പ് കിട്ടിയത് ഇന്നലെ മാത്രമെന്ന് നഗരസഭ അധ്യക്ഷ വിശദീകരിച്ചു. പണം അനുവദിച്ച തീരുമാനം പിൻവലിക്കുമെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.

Sreekandapuram municipality decided to pay money or navakerala sadas nbu
Author
First Published Nov 12, 2023, 12:42 PM IST

കണ്ണൂർ: നവകേരള സദസിന് പണം അനുവദിച്ച് വെട്ടിലായി യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭ. വെള്ളിയാഴ്ചയാണ് നവകേരള സദസിന് അരലക്ഷം രൂപ കൗൺസിൽ അനുവദിച്ചത്. 18 യുഡിഎഫ് അംഗങ്ങളിൽ 17 പേരും തീരുമാനത്തെ പിന്തുണച്ചു. വിവാദമായതോടെ തീരുമാനം പുനഃപരിശോധിക്കുമെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി.

പിരിവ് നൽകേണ്ടെന്ന പാർട്ടി അറിയിപ്പ് ശനിയാഴ്ചയാണ് കിട്ടിയതെന്നും അത് അനുസരിക്കുമെന്നും നഗരസഭ അധ്യക്ഷ കെ വി ഫിലോമിന് അറിയിച്ചു. ചൊവ്വാഴ്ച ഇതിനായി പ്രത്യേക കൗൺസിൽ യോഗം വിളിച്ചു. സംഭവത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. തീരുമാനം തിരുത്താൻ ആവശ്യപ്പെട്ടെന്നും തിരുത്തിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് കൂട്ടിച്ചേര്‍ത്തു. 

തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിന് പണം നൽകണമെന്നാവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാനാണ് കഴിഞ്ഞ ദിവസമിറങ്ങിയ ഉത്തരവില്‍ പറയുന്നത്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷൻ്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമാണ്. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് സ‍ർക്കാ‍ർ തീരുമാനം.

Also Read: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും, ധനവകുപ്പ് ഉത്തരവിറക്കി

Follow Us:
Download App:
  • android
  • ios